SHARE

സിംബാബ്‌വെയിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയുടെ ആദ്യ മത്സരത്തിൽ ടോസ് നേടിയ സിംബാബ്‌വെ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. ശമ്പളത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് സീനിയർ താരങ്ങളെ പുറത്താക്കിയതിനാൽ തങ്ങളുടെ രണ്ടാം നിര ടീമുമായാണ് പരമ്പരയിൽ സിംബാബ്‌വെ കളിക്കുന്നത്. ബാറ്റ്സ്മാൻ ഹാമിൽട്ടൺ മസാകദ്സയാണ് അവരുടെ പുതിയ നായകൻ.

അതേ സമയം മികച്ച ടീമുമായാണ് പാകിസ്ഥാൻ പരമ്പരയ്ക്കെത്തിയിരിക്കുന്നത്. മൊഹമ്മദ് ഹഫീസ്, ഫഖർ സമാൻ, ഷോയിബ് മാലിക്ക്, ഷദബ് ഖാൻ എന്നിവരെല്ലാം സർഫറാസ് അഹമ്മദ് നയിക്കുന്ന പാക് ടീമിലുണ്ട്. സിംബാബ്‌വെയ്ക്കും പാകിസ്ഥാനും പുറമേ ഓസ്ട്രേലിയയാണ് പരമ്പരയിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.

മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് എന്ന നിലയിലാണ് പാകിസ്ഥാ‌ൻ. 7 റൺസെടുത്ത മൊഹമ്മദ് ഹഹീസിന്റെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്. 6 റൺസോടെ ഫഖർ സമാനും റണ്ണൊന്നുമെടുക്കാതെ ഹുസൈൻ തലാറ്റുമാണ് നിലവിൽ ക്രീസിലുള്ളത്.