SHARE

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം പാക്കിസ്ഥാന് സ്വന്തം. ആതിഥേയരെ വെറും 184 റണ്‍സിലൊതുക്കിയ പാക്കിസ്ഥാന്‍ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഒന്നിന് 50 റണ്‍സെന്ന നിലയിലാണ്. ഹാരിസ് സൊഹൈല്‍ (21), അസ്ഹര്‍ അലി (18) എന്നിവരാണ് ക്രീസില്‍. ഇംഗ്ലീഷുകാര്‍ പതറിയ പിച്ചില്‍ പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ നിഷ്പ്രയാസം കളിക്കുന്നതാണ് അവസാന സെഷനില്‍ കണ്ടത്.

കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പറ്റിയില്ലെങ്കിലും വിക്കറ്റുകള്‍ വലിച്ചെറിയാതെ ബാറ്റു വീശാന്‍ സന്ദര്‍ശകര്‍ക്കായി. പാക്കിസ്ഥാന് ആദ്യം നഷ്ടമായത് നാലു റണ്‍സെടുത്ത ഇമാം ഉള്‍ഹഖിന്റെ വിക്കറ്റാണ്. സ്റ്റൂവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് ഇമാം പുറത്തായത്. ഹാരിസ് സൊഹൈലും അസ്ഹര്‍ അലിയും ചേര്‍ന്ന് പിന്നീട് സമര്‍ഥമായി ബാറ്റു വീശി.

നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പ്രതീക്ഷയോടെയാണ് ബാറ്റിംഗ് തെരഞ്ഞെടുത്തത്. ഓപ്പണര്‍ അലസ്റ്റയര്‍ കുക്ക് നിലയുറപ്പിച്ച് കളിച്ചെങ്കിലും കൂടെയിറങ്ങിയ മാര്‍ക്ക് സ്റ്റോണ്‍മാന്‍ തുടക്കത്തില്‍ തന്നെ മുഹമ്മദ് അബ്ബാസിന് വിക്കറ്റ് സമ്മാനിച്ചു. നാലു റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്നാമനായി എത്തിയ ജോ റൂട്ട് പതുക്കെയാണ് തുടങ്ങിയത്. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ താരം വിഷമിച്ചു. നാലു റണ്‍സെടുത്ത് ഹസന്‍ അലിക്ക് വിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്തു.

ഡേവിഡ് മലന്‍ ആറു റണ്‍സെടുത്തും പുറത്തായി. എങ്കിലും ക്രീസില്‍ പിടിച്ചു നിന്ന കുക്ക് ജോണി ബെയര്‍‌സ്റ്റോവിനെയും കൂട്ടുപിടിച്ച് ടീമിനെ കര കയറ്റാനുള്ള ശ്രമത്തിലായിരുന്നു. 27 റണ്‍സെടുത്താണ് ജോണി ബെയര്‍സ്‌റ്റോവ് മടങ്ങിയതോടെ ബെന്‍ സ്‌റ്റോക്‌സ് കുക്കിനൊപ്പം കൂടി. അതിനിടെ കുക്ക് അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. സ്‌കോര്‍ ബോര്‍ഡില്‍ 149 റണ്‍സെടുത്തിയതോടെ 70 റണ്‍സെടുത്ത കുക്കിന്റെ വിക്കറ്റ് മുഹമ്മദ് ആമിര്‍ തെറിപ്പിച്ചു. ബെന്‍ സ്റ്റോക്‌സ് 38 റണ്‍സെടുത്തും ജോസ് ബട്ട്‌ലര്‍ 14 റണ്‍സെടുത്ത് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ കാര്യം തീരുമാനമായി. പാക്കിസ്ഥാനായി മുഹമ്മദ് അബ്ബാസും ഹസന്‍ അലിയും നാലു വിക്കറ്റ് വീതം വീഴ്ത്തി.