SHARE

ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാന് 308 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 307 റൺസിന് ഓൾ ഔട്ടായി. ഓപ്പണർ ഡേവി‍‍ഡ് വാർണറിന്റെ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കം മുതൽ തകർത്തടിച്ചു. ഓപ്പണർമാരായ ആരോൺ ഫിഞ്ചും വാർണറും കത്തിക്കേറിയപ്പോൾ കം​ഗാരുപ്പട 22 ഓവറിൽ തന്നെ 140 കടന്നു. സ്കോർ 146-ൽ എത്തിയപ്പോഴാണ് ഫിഞ്ച് പുറത്തായത്. 84 പന്തിൽ ആറ് ഫോറും നാല് സിസ്കുമടക്കം 82 റൺസ് നേടിയ ഫിഞ്ചിനെ വീഴ്ത്തിയത് മുഹമ്മദ് ആമിറായിരുന്നു.

ഫിഞ്ച് വീണതോടെ വാർണറിന് കൂട്ടായി സ്റ്റീവൻ സ്മിത്തെത്തി. എന്നാൽ സ്മിത്തിനെ ഒരു വശത്ത് കാഴ്ചക്കാരനാക്കി വാർണർ സ്കോർ ഉയർത്തി. സ്കോർ 189-ൽ എത്തിയപ്പോൾ പത്ത് റൺസെടുത്ത സ്മിത്ത് പുറത്തായി. പിന്നാലെ ​ഗ്ലെൻ മാക്സ്വെല്ലെത്തി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 34 റൺസ് വേ​ഗത്തിൽ അടിച്ചെടുത്ത ശേഷം 20 റൺസെടുത്ത മാക്സ്വെല്ലും പുറത്തായി. പിന്നാലെ സെ‍ഞ്ച്വറിയടിച്ച വാർണറും വീണു.

111 പന്തിൽ 11 ഫോറും ഒരു സിക്സുമടക്കം 107 റൺസെടുത്ത വാർണറെ ഷഹീൻ അഫ്രീദിയാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ കളിക്കാർക്കാർക്കും മികച്ച കൂട്ടുകെട്ട് പടുത്തുയർത്താനായില്ല. ഷോൺ മാർഷ്, ഉസ്മാൻ ഖവാജ, അലക്സ് കാരി എന്നിവരെ പുറത്താക്കി ആമിർ ഓസീസ് റണ്ണൊഴുക്ക് തടഞ്ഞു.

ഒടുവിൽ 49-ാം ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്കിനേയും പുറത്താക്കി ആമിർ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഓസീസിനെ ഓൾഔട്ടുമാക്കി. പാകിസ്ഥാനായി ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റും വീഴ്ത്തി.