SHARE

ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ പാക് ടീമിനെതിരെ ശക്തമായ വിമർശനങ്ങളുമായി മുൻ നായകനും, പരിശീലകനുമായിരുന്ന വഖാർ യൂനിസ്. സീനിയർ താരങ്ങൾക്കെതിരെയും, ടീമിന്റെ സെലക്ഷൻ രീതിക്കെതിരെയും ശക്തമായ വിമർശനം നടത്തിയ വഖാർ, ലോകകപ്പിൽ ഉൾപ്പെടെ ടീമിന് തിരിച്ചടിയായത് ഇക്കാര്യങ്ങളാണെന്നും കൂട്ടിച്ചേർത്തു.

പാക് ടീമിലെ ‌സീനിയർ താരങ്ങൾ ശരിയായ സമയത്ത് വിരമിക്കുന്നില്ലെന്നാണ് വഖാർ പറയുന്നത്. നല്ല പ്രായം കഴിഞ്ഞാലും അവർ ടീമിൽ കടിച്ചുതൂങ്ങുമെന്നും, അവരോട് ഇതേക്കുറിച്ച് ആരും ഒന്നും പറയാറില്ലെന്നും വഖാർ കൂട്ടിച്ചേർത്തു. അതേ സമയം വിമർശനത്തിനിടെ ആരുടേയും പേരെടുത്ത് പറയാൻ അദ്ദേഹം തുനിഞ്ഞില്ല. ഫിറ്റ്നസ് പ്രശ്നങ്ങളിൽ കണ്ണടച്ച് കൊണ്ടുള്ള സെലക്ഷൻ രീതിയാണ് പാകിസ്ഥാന്റെ മറ്റൊരു പ്രശ്നമായി മുൻ നായകൻ ചൂണ്ടിക്കാട്ടുന്നത്. ഇത് ടീമിന്റെ പ്രകടനത്തെ മൊത്തത്തിൽ പിന്നോട്ട് വലിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു.

“എല്ലാത്തവണയും ലോകകപ്പുകൾക്ക് ശേഷം പാക്‌ ടീം ചെയ്യുന്നത് ഒരേ കാര്യമാണ്. ക്യാപ്റ്റനെ മാറ്റും, പുതിയ പരിശീലകനെ കൊണ്ട് വരും. ചീഫ് സെലക്ടർമാരെ സ്ഥാനത്ത് നിന്ന് തെറിപ്പിക്കും, അഭ്യന്തര ക്രിക്കറ്റിന്റെ ഘടനയെ ചീത്ത പറയും. പക്ഷേ ഇതൊന്നും കൊണ്ട് ടീമിന് യാതൊരു ഗുണവുമില്ല. ഇതേ പിഴവുകൾ തന്നെ അടുത്ത തവണയും നമ്മൾ ആവർത്തിക്കും.” ഡെയിലി ജംഗ് ന്യൂസ്പേപ്പറിന് നൽകിയ അഭിമുഖത്തിൽ വഖാർ യൂനിസ് പറയുന്നു.”