SHARE

അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു‌. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റൊഹൈൽ നാസിറാണ് പതിനഞ്ചംഗ ടീമിന്റെ നായകൻ. അടുത്തിടെ ഓസ്ട്രേലിയക്കെതിരെ അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം നടത്തിയ പേസ് ബൗളർ നസീം ഷായും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്‌.

ലോകകപ്പ് ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ട നാസിർ, ഇത് വരെ 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌. കഴിഞ്ഞയിടയ്ക്ക് ശ്രീലങ്കയിൽ നടന്ന അണ്ടർ 19 ഏഷ്യാകപ്പിലും പാകിസ്ഥാനെ നയിച്ചത് അദ്ദേഹമായിരുന്നു‌. ഇന്ത്യൻ അണ്ടർ 19 ടീമിനെതിരെ താരം യൂത്ത് ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ചുറിയും നേടിയിരുന്നു. ഓപ്പണിംഗ് ബാറ്റ്സ്മാനായ ഹൈദർ അലിയാണ് ടീമിന്റെ ഉപനായകൻ‌.

സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞ പേസ് ബൗളർ നസീംഷാ തന്നെയാണ് പാക് ടീമിലെ ഏറ്റവും ശ്രദ്ധേയ താരം. 2004, 2006 വർഷങ്ങളിൽ അണ്ടർ 19 ലോകകപ്പിൽ മുത്തമിട്ട പാകിസ്ഥാൻ തങ്ങളുടെ മൂന്നാം കൗമാര ലോകകിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. സ്കോട്ലൻഡ്, സിംബാബ്‌വെ, ബംഗ്ലാദേശ് ടീമുകൾ അടങ്ങിയ ഗ്രൂപ്പ് സി യിലാണ് ഇക്കുറി പാകിസ്ഥാൻ കളിക്കുന്നത്‌.