SHARE

പാകിസ്ഥാന്റെ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ക്യാപ്റ്റൻസി മാറ്റത്തിന് സാധ്യത. നിലവിൽ ക്യാപ്റ്റനായ അസർ അലിയെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അലി പുറത്തായാൽ പകരം മുഹമ്മദ് റിസ്വാനാകും നായകനാകുക എന്നും സൂചനകളുണ്ട്.

കഴിഞ്ഞ വർഷമാണ് സർഫ്രാസ് അഹമ്മദിൽ നിന്ന് അലി ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്തത്. എന്നാൽ അലിയുടെ കീഴിൽ മികച്ച പ്രകടനം നടത്താൻ ടീമിനായില്ല. ഇതിനുപിന്നാലെ പാക്ക് ക്രിക്കറ്റ് സമിതിയില‍െ ഒരു പ്രധാന അം​ഗവുമായി അലി ഇടഞ്ഞതായും വാർത്തകൾ വന്നിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയ്ർമാനടക്കമുള്ള ചില ഉന്നതർക്കും ക്യാപ്റ്റനെ മാറ്റണമെന്ന് അഭിപ്രായമുള്ളതായാണ് വാർത്ത.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിസ്വാൻ, അടുത്തിടെ പാകിസ്ഥാൻ നാഷ്ണൽ ടി20 ചാമ്പ്യൻഷിപ്പ് ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ഈ പ്രകടനം ദേശീയ ടീം അധികൃതരുടെ ശ്രദ്ധേയിൽ പെട്ടിട്ടുണ്ട്. നവംബർ 11-ന് ചേരുന്ന യോ​ഗത്തിൽ ടീം ക്യാപ്റ്റൻസിയെക്കുറിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന.