SHARE

പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ രാജകീയ തിരിച്ചുവരവ്. ഒരുഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട കിവികളെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഹെന്‍ട്രി നിക്കോള്‍സും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. നാലാംദിനം അവസാനിക്കുമ്പോള്‍ നാലുവിക്കറ്റിന് 272 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇപ്പോള്‍ 198 റണ്‍സിന്റെ ലീഡ്. 139 റണ്‍സുമായി വില്യംസണും 90 റണ്‍സെടുത്ത നിക്കോള്‍സുമാണ് ക്രീസില്‍.

മൂന്നാംദിനം ക്രീസിലെത്തിയ വില്യംസണ്‍ നാലാംദിനം തുടര്‍ച്ചയായി ബാറ്റുചെയ്തു. 482 പന്തില്‍ 212 റണ്‍സാണ് ഇരുവരും ഇതുവരെ കൂട്ടിച്ചേര്‍ത്തത്. ഏഷ്യയില്‍ ടെസ്റ്റില്‍ വില്യംസണിന്റെ കരിയര്‍ സമാനതകളില്ലാത്തതാണ്. കിവികള്‍ ഏഷ്യയില്‍ ജയിച്ച കളികളില്‍ 89.0 റണ്‍സാണ് നായകന്റെ ശരാശരി. സമനിലയിലാകുന്ന കളികളില്‍ 62.1 ശതമാനവും. വില്യംസണ്‍ വേഗത്തില്‍ പുറത്താകുമ്പോള്‍ കിവികള്‍ തോല്‍ക്കുകയും ചെയ്യുന്നു. അവര്‍ തോറ്റ കളികളില്‍ വെറും 23.4 റണ്‍സാണ് ക്യാപ്റ്റന്റെ ശരാശരി.

ആദ്യ ടെസ്റ്റില്‍ കിവികള്‍ നേരിയ മാര്‍ജിനില്‍ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് പാക്കിസ്ഥാന്‍ രാജകീയമായി ജയിച്ചു. ഈ ടെസ്റ്റ് ജയിക്കുന്നവര്‍ക്ക് പരമ്പര ലഭിക്കും. നിലവില്‍ അവസ്ഥയില്‍ ഒന്നുകില്‍ ന്യൂസിലന്‍ഡ് അല്ലെങ്കില്‍ സമനില എന്ന ഫലത്തിനാണ് കൂടുതല്‍ ചാന്‍സ്. അഞ്ചാംദിനം ഈ പിച്ചില്‍ ബാറ്റിംഗ് എളുപ്പമല്ല.