SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറി പാക്കിസ്ഥാന്‍. ഒരുഘട്ടത്തില്‍ എട്ടിന് 112 റണ്‍സെന്ന നിലയിലായിരുന്ന പാക്കിസ്ഥാന്‍ 45.4 ഓവറില്‍ 203 റണ്‍സിന് പുറത്തായി. പത്താമനായി ക്രീസിലെത്തിയ ഹസന്‍ അലി 45 പന്തില്‍ മൂന്നു സിക്‌സറുകളും അഞ്ചു ബൗണ്ടറിയും അടക്കം 59 റണ്‍സെടുത്തു.

ആദ്യം ബാറ്റുചെയ്യാന്‍ നിയോഗിക്കപ്പെട്ട പാക്കിസ്ഥാന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്‌കോര്‍ബോര്‍ഡില്‍ വെറും 85 റണ്‍സുള്ളപ്പോള്‍ അഞ്ചുപേരെ നഷ്ടമായി. തുടക്കത്തില്‍ കഗിസോ റബാഡയാണ് പാക് നിരയെ വെള്ളം കുടിപ്പിച്ചത്. പിന്നീട് ഫാല്‍ക്വായോ മധ്യനിരയെ തൂത്തെറിഞ്ഞു. 9.5 ഓവറില്‍ വെറും 22 റണ്‍സ് വഴങ്ങിയാണ് പേസര്‍ നാലുവിക്കറ്റ് വീഴ്ത്തിയത്. സ്പിന്നര്‍ ഷംസി മൂന്നുവിക്കറ്റ് വീഴ്ത്തി.

വന്‍നാണക്കേടിലേക്ക് നീങ്ങുകയായിരുന്ന പാക്കിസ്ഥാന് രക്ഷകവേഷത്തിലാണ് ഹസന്‍ അവതരിച്ചത്. തുടക്കത്തില്‍ സൗമ്യതയോടെ ബാറ്റുവീശിയ അലി മോശം പന്തുകളെ അതിര്‍ത്തി കടത്തി. അവസാനക്കാരനായാണ് അലി പുറത്താകുന്നത്. എങ്കിലും ഈ പിച്ചില്‍ വിജയിക്കാന്‍ പോന്ന സ്‌കോറല്ല പാക്കിസ്ഥാന്‍ പടുത്തുയര്‍ത്തിയത്. ആദ്യ മത്സരം ജയിച്ച പാക്കിസ്ഥാന്‍ 1-0ത്തിന് മുന്നിലാണ്.