പാകിസ്ഥാനെതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ സിംബാബ്വെയ്ക്ക് നാണംകെട്ട തോല്‍വി. ബുലാവായോയിലെ ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബ് മൈതാനത്ത് നടന്ന മത്സരത്തില്‍ 9 വിക്കറ്റുകള്‍ക്കാണ് പാകിസ്ഥാന് സിംബാബ്വെയെ തകര്‍ത്തത്. സ്കോര്‍: സിംബാബ്വെ 67-10 (25.1) പാകിസ്ഥാന് 69-1 (9.5)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്വെയ്ക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. എട്ടു സിംബാബ്വെ താരങ്ങളാണ് മത്സരത്തില്‍ രണ്ടക്കം കാണാതെ പുറത്തായത്. ചമു ചിബാബ (16), ഹാമില്ട്ടണ് മസകഡ്സ (10), വെല്ലിംഗ്ടണ്‍ മസകഡ്സ (10*) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഫഹീം അഷ്റഫിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് സിംബാബ്വെ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
കുഞ്ഞന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍ ഇമാമുല്‍ ഹഖിനെ ആദ്യ പന്തില്‍ തന്നെ പുറത്തായി. അക്കൗണ്ട് തുറക്കും മുമ്പ് താരത്തെ ബ്ലെസ്സിംഗ് മുസറബാനിയാണ് പവലിയനിലേക്ക് മടക്കിയത്. എന്നാല്‍ 24 പന്തില്‍ 43 റണ്‍സെടുത്ത ഫഖര്‍ സമാന് മുന്നില്‍ സിംബാബ്വെ ബോളര്‍മാര്‍ക്ക് യാതൊന്നും ചെയ്യാനുണ്ടായില്ല. 19 റണ്‍സെടുത്ത് ബാബര്‍ അസം ഫഖറിന് ഉറച്ച പിന്തുണ നല്‍കിയതോടെ അവര്‍ അനായാസം വിജയത്തിലെത്തി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്ഥാന് 3-0ന് സ്വന്തമാക്കി.