SHARE

സിംബാബ്‌വെയിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ആതിഥേയരായ സിംബാബ്‌വെയ്ക്കെതിരെ പാകിസ്ഥാന് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഓപ്പണർ സോളമൻ മിറെയുടെ 94 റൺസിന്റെ കരുത്തിൽ നിശ്ചിത 20 ഓവറിൽ 162/4 എന്ന മികച്ച സ്കോർ പടുത്തുയർത്തിയെങ്കിലും, ഫഖർ സമാന്റെയും, ഹുസൈൻ തലറ്റിന്റെയും ബാറ്റിംഗ് മികവിൽ മത്സരം പാകിസ്ഥാൻ സ്വന്തമാക്കുകയായിരുന്നു. സ്കോർ : സിംബാബ്‌വെ – 162/4 (20 ഓവർ), പാകിസ്ഥാൻ – 163/3 (19.1 ഓവർ).

മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് വേണ്ടി ഫഖർ സമാനും, ഹാരിസ് സൊഹൈലും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്തതിന് ശേഷം 16 റൺസെടുത്ത ഹാരിസ് സൊഹൈലാണ് ആദ്യം പുറത്തായത്. സൊഹൈലിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം ക്രീസിലെത്തിയ ഹുസൈൻ തലറ്റും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ പാകിസ്ഥാൻ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. തലറ്റ് 35 പന്തിൽ 44 റൺസെടുത്തപ്പോൾ, 38 റൺസോടെ നായകൻ സർഫറാസ് അഹമ്മദും, 12 റൺസുമായി ഷോയിബ് മാലിക്കും പുറത്താകാതെ നിന്നു.

-Advertisement-

ടൂർണമെന്റിൽ തങ്ങളുടെ ആദ്യ ജയം നേടണമെങ്കിൽ ശക്തരായ പാക് ടീമിനെതിരെ മികച്ച സ്കോർ നേടണമെന്ന് അറിയാമായിരുന്ന സിംബാബ്‌വെ ബാറ്റ്സ്മാന്മാർ മികച്ച പ്രകടനമാണ് ആദ്യ ബാറ്റിംഗിൽ പുറത്തെടുത്തത്. ഓപ്പണർ സോളമൻ മിറെ 63 പന്തിൽ 6 വീതം ബൗണ്ടറികളും സിക്സറുകളുമടക്കമാണ് 94 റൺസ് നേടിയത്. 22 പന്തിൽ 33 റൺസ് നേടിയ മുസാക്കണ്ടയുടേയും, 24 റൺസെടുത്ത ഓപ്പണർ സുവാവോയുടെയും ഇന്നിംഗ്സുകളും മികച്ച സ്കോറിലെത്താൻ സിംബാബ്‌വെ ടീമിനെ സഹായിക്കുകയായിരുന്നു.