SHARE

ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരി സ്വന്തമാക്കി പാകിസ്ഥാൻ താരം ഷാൻ മസൂദ്. 75 ലിസ്റ്റ് എ മത്സരങ്ങളിൽ 58.79 ശരാശരിയിൽ 3410 റൺസ് നേടിയാണ് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്. മുൻ ഓസ്ട്രേലിയൻ ഇതിഹാസം മൈക്കൽ ബെവനേയും, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയേയുമാണ് ഇക്കാര്യത്തിൽ മസൂദ് പിന്നിലാക്കിയത്.

ലിസ്റ്റ് എ മത്സരങ്ങളിൽ കുറഞ്ഞത് 3000 റൺസ് നേടിയ താരങ്ങളുടെ ബാറ്റിംഗ് ശരാശരി പരിഗണിച്ചപ്പോളാണ് 58.79 ബാറ്റിംഗ് ശരാശരിയുമായി മസൂദ് ഒന്നാമതെത്തിയത്. 427 മത്സരങ്ങളിൽ 57.86 ശരാശരിയുള്ള മുൻ ഓസീസ് താരം മൈക്കൽ ബെവനും, 242 മത്സരങ്ങളിൽ 56.56 ബാറ്റിംഗ് ശരാശരിയുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമാണ് ബാറ്റിംഗ് ശരാശരിയിൽ മസൂദിന് പിന്നിലുള്ളത്. എന്നാൽ മസൂദ് ഇവരേക്കാൾ കുറവ് മത്സരങ്ങളേ കളിച്ചിട്ടുള്ളൂ.

അതേ സമയം ലിസ്റ്റ് എ മത്സരങ്ങളിൽ തകർപ്പൻ പ്രകടനവുമായി മുന്നേറുന്ന മസൂദിന് പാകിസ്ഥാൻ ജേഴ്സിയിൽ സ്ഥിരതയാർന്ന പ്രകടനംനടത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല. 2013 ൽ പാകിസ്ഥാന് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഈ ഇരുപത്തിയെട്ടുകാരന് 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 23.54 ബാറ്റിംഗ് ശരാശരിയിൽ 565 റൺസ് മാത്രം നേടാനേ കഴിഞ്ഞിട്ടുള്ളൂ. പാക് ടീമിലെ സ്ഥിര സാന്നിധ്യമാകാൻ ഇത് വരെ കഴിഞ്ഞിട്ടില്ലാത്ത മസൂദിന് ഇംഗ്ലണ്ട്, അയർലൻഡ് പര്യടനത്തിനുള്ള പാക്ക് ടീമിലും സ്ഥാനം പിടിക്കാൻ കഴിഞ്ഞിരുന്നില്ല.