SHARE

ലാറ്റിനമേരിക്കയിലെ ക്ലബ് ഫുട്ബോൾ കിരീടപ്പോരാട്ടമായ കോപ്പ ലിബെർട്ടഡോസിൽ ബ്രസീലിയൻ ക്ലബ് പാൽമെയ്റാസിന് കിരീടം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന കലാശപ്പോരിൽ ബ്രസീൽ ക്ലബ് തന്നെയായ ഫ്ലെമെം​ഗോയെ വീഴ്ത്തിയാണ് പാൽമെയ്റാസ് കിരീടമുയർത്തിയത്. കഴിഞ്ഞ വർഷവും പാൽമെയ്റാസ് തന്നെയായിരുന്നു കിരീടജേതാക്കൾ. ക്ലബിന്റെ മൂന്നാം കോപ്പാ ലിബെർട്ടഡോസ് കിരീടമായിരുന്നു ഇത്.

കഴിഞ്ഞ വർഷവും നടന്ന ബ്രസീലിയൻ ക്ലബുകളുടെ ഫൈനലിൽ സാന്റോസിനെ തോൽപ്പിച്ചായിരുന്നു പാൽമെയ്റാസിന്റെ കിരീടം. ഇക്കുറി 2019-ലെ കോപ്പാ ലിബെർട്ടഡോസ് ചാമ്പ്യന്മാർ കൂടിയായ ഫ്ലെമെ​ഗോയെ അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പാൽമെയ്റാസ് വീഴ്ത്തിയത്.

യുറു​ഗ്വെയിലെ മോണ്ടെവീഡിയോയിൽ നടന്ന കലാശപ്പോരിന്റെ അഞ്ചാം മിനിറ്റിൽ റാഫേൽ വെയ്​ഗയിലൂടെ പാൽമെയ്റാസാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 72-ാം മിനറ്റിൽ സ്റ്റാർ സ്ട്രൈക്കർ ​ഗബ്രിയേൽ ബെർബോസ(​ഗാബി​ഗോൾ) ഫ്ലെമെം​ഗോയെ ഒപ്പമെത്തിച്ചു. ഇതോടെ അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ പകരക്കാരനായി ഇറങ്ങയി ഡൈവേർസൻ 95-ാം മിനിറ്റിൽ പാൽമെയ്റാസിന്റെ വിജയ​ഗോൾ നേടുകയായിരുന്നു. 2001-ൽ അർജന്റൈൻ ക്ലബ് ബോക്കാ ജൂനിയേഴ്സിന് ശേഷം കോപ്പാ ലിബെർട്ടഡോസ് കിരീടം നിലനിർത്തുന്ന ആദ്യ ക്ലബായും ഇതോടെ പാൽമെയ്റാസ് മാറി.