SHARE

അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ താൻ ഏറെ പതറിയിരുന്നെന്നും തന്നെ ശാന്തനാക്കിയത്‌ അന്ന് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ്‌ ധോനിയായിരുന്നുവെന്നും ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദ്ദിക്ക്‌ പാണ്ട്യ. ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യ കളിക്കിടെ നടന്ന സംഭവങ്ങൾ പാണ്ട്യ പങ്കു വെച്ചത്.

2016 ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരെ അഡലെയ്ഡിൽ നടന്ന ടി20 മത്സരത്തിലായിരുന്നു ഹാർദിക്ക് പാണ്ട്യ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യ അന്താരാഷ്ട്ര ഓവറിൽ 21 റൺസാണ് ഈ മീഡിയം പേസ് ബൗളർ വഴങ്ങിയത്. എങ്കിലും ക്യാപ്റ്റൻ ധോണിയ്ക്ക് പാണ്ട്യയിൽ വിശ്വാസമുണ്ടായിരുന്നു. ആദ്യ ഓവറിൽ 21 റൺസ് വഴങ്ങിയിട്ടും പാണ്ട്യക്ക് ധോണി രണ്ടാമതും ഓവർ കൊടുത്തു, എന്നാൽ സമ്മർദ്ദത്തിന്റെ മുൾ മുനയിലായിരുന്ന പാണ്ട്യയുടെ രണ്ടാം ഓവറിന്റെ ആദ്യ പന്തും സിക്സറിന് പറന്നു.

പക്ഷേ ആദ്യ ഏഴ് പന്തുകൾക്ക് ശേഷം മികച്ച രീതിയിലാണ് പാണ്ട്യ പന്തെറിഞ്ഞത്. മൂന്ന് ഓവറുകളിൽ നിന്ന് 37 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും പാണ്ട്യ അന്ന് നേടിയിരുന്നു. സ്റ്റമ്പിന് പിറകിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ പ്രോത്സാഹനമായിരുന്നു പിന്നീട് ഓരോ പന്തും മികച്ച രീതിയിൽ എറിയാൻ തന്നെ സഹായിച്ചത് എന്ന് പാണ്ട്യ ഓർത്തെടുക്കുന്നു. അതിനിടെ ക്രിസ് ലിന്നെ പുറത്താക്കി കന്നി അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയപ്പോളുള്ള തന്റെ ആഘോഷം അതിരു വിട്ടു പോയെന്നും തന്നോട് ശാന്തമാകാൻ ധോണി പറഞ്ഞിരുന്നെന്നും പാണ്ട്യ കൂട്ടിച്ചേർത്തു.

താൻ അതിരുവിട്ട ആഘോഷം നടത്തിയ സമയം തന്റടുക്കലെത്തിയ ധോനി ഭായ് ഇനി ഇതാവർത്തിക്കരുതെന്നും അങ്ങനെ വന്നാൽ എനിക്ക് കളിക്കളത്തിൽ നിന്ന് വിലക്ക് ലഭിക്കുന്നതിനൊപ്പം ടീമിന് ഒരാളെ നഷ്ടമാകുമെന്നും ഓർമ്മപ്പെടുത്തിയിരുന്നു. അന്നത്തെ ആഘോഷം നിയന്ത്രണം വിട്ടതിനാൽ കളിക്കളത്തിലെ മാന്യതയുടെ അതിർ വരമ്പുകൾ ലംഘിച്ചെന്ന കാരണത്തിന് ആദ്യ മത്സരത്തിൽ തന്നെ പാണ്ട്യക്ക് ഐ സി സി യുടെ താക്കീത് ലഭിച്ചിരുന്നു. ധോണി കളിക്കളത്തിൽ എല്ലാവരുടെയും പ്രചോദനമാണെന്നും അദ്ദേഹം നൽകുന്ന ഉപദേശങ്ങൾ പല കളികളിലും പ്രയോജനപ്പെടാറുണ്ടെന്നും പറഞ്ഞ പാണ്ട്യ, അദ്ദേഹത്തിനൊപ്പം കളിക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും കൂട്ടിച്ചേർത്തു