SHARE

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ സംഘത്തിൽ നിന്ന് യുവതാരങ്ങളായ ഋഷഭ് പന്തിനേയും, ശുഭ്മാൻ ഗില്ലിനേയും ഒഴിവാക്കി. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ തങ്ങളുടെ സംസ്ഥാന‌ങ്ങൾക്ക് വേണ്ടി കളിക്കുന്നതിനാണ് ഇരുവരേയും ഇപ്പോൾ ഇന്ത്യൻ സംഘത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ആന്ധ്ര പ്രദേശിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ എസ് ഭരതിനെ പകരം ഇന്ത്യൻ ടീമിലേക്ക് വിളിച്ചിട്ടുണ്ട്‌

ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ മുഷ്താഖ് അലി ടി20 യിൽ ഡെൽഹിയുടെ അടുത്ത രണ്ട് സൂപ്പർ ലീഗ് മത്സരങ്ങളിൽ പന്തിന് കളിക്കാനാവും. ഹരിയാന, രാജസ്ഥാൻ എന്നിവർക്കെതിരെയാണ് ഈ മത്സരങ്ങൾ. ഡെൽഹി സെമിയിലും, ഫൈനലിലും എത്തുകയാണെങ്കിൽ ഈ രണ്ട് മത്സരങ്ങളിലും താരത്തിന് അവർക്കായി കളിക്കാം.

അതേ സമയം പഞ്ചാബ് താരമായ ശുഭ്മാൻ ഗില്ലിന് കർണാടക, തമിഴ്നാട് ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ ടീമിനായി കളിക്കാൻ കഴിയും. ഇരുവരും പുറത്ത് പോയതോടെ പകരം ടീമിലേക്ക് വിളിപ്പിച്ചിരിക്കുന്ന കെ എസ് ഭരത് കഴിഞ്ഞ കുറച്ച് സീസണുകളായി ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ്. 2015 ൽ പരീക്ഷണാടിസ്ഥാനിൽ ദുലീപ് ട്രോഫി പിങ്ക് ബോളിൽ നടന്നപ്പോൾ, കളിക്കാനുണ്ടായിരുന്ന താരമാണ് ഭരത്.