SHARE

കന്നി ടെസ്റ്റ് സെഞ്ചുറി നേടി റിഷാഭ് പന്ത് ആരാധകരെ കൈയിലെടുത്തപ്പോള്‍ പിറന്നത് ഒരുപിടി റിക്കാര്‍ഡുകള്‍. ആദ്യ ഇന്നിംഗ്‌സില്‍ കീപ്പിംഗില്‍ ഒരുപാട് പിഴവുകള്‍ വരുത്തി പഴി കേട്ട പന്തിന് തലയുയര്‍ത്തി തന്നെ നാട്ടിലേക്ക് മടങ്ങാം. ഒപ്പം ഒരുപിടി റിക്കാര്‍ഡുകളും ഒറ്റ ഇന്നിംഗ്‌സോടെ ഈ യുവതാരം സ്വന്തമാക്കി. ഒരു റിക്കാര്‍ഡില്‍ സാക്ഷാല്‍ എ.ബി. ഡിവില്യേഴ്‌സും പന്തിനായി വഴിമാറി.

നാലാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ പന്തിനായി. സാക്ഷാല്‍ ആഡം ഗില്‍ക്രിസ്റ്റ് 149 റണ്‍സോടെ ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ പാക്കിസ്ഥാന്റെ മോയീന്‍ ഖാനാണ് രണ്ടാമത്. 1995ല്‍ ശ്രീലങ്കയ്‌ക്കെതിരേ 117 റണ്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ അദേഹം നേടിയത്. 2013ല്‍ ഇന്ത്യയ്‌ക്കെതിരേ കീപ്പറുടെ റോള്‍ കൂടി ചെയ്ത എ.ബി. ഡിവില്യേഴ്‌സിന്റെ (103) സ്‌കോര്‍ മറികടക്കാനും പന്തിനായി.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും പന്ത് തന്നെ. വിന്‍ഡീസിനെതിരേ 2002ല്‍ മൂന്നക്കം തികച്ച അജയ് രാത്രയെയാണ് ഒന്നാമന്‍. അന്ന് രാത്രയുടെ പ്രായം 20 വയസും 150 ദിവസവും. പന്തിന് ഇന്ന് 20 വയസും 342 ദിവസവും. ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും പന്ത് തന്നെയാണ്.