SHARE

ഇന്ത്യൻ യുവതാരം ഋഷഭ് പന്ത് കൂടുതൽ വിവേകത്തോടെ ബാറ്റ് ചെയ്യണമെന്നും ബാറ്റിംഗിൽ അദ്ദേഹം കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്തിന് അദ്ദേഹത്തിന്റെ ശൈലിയിൽ കളിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും എന്നാൽ അദ്ദേഹം കുറച്ച് കൂടി വിവേകത്തോടെ കളിക്കണമെന്നും ശാസ്ത്രി പറയുന്നു. രണ്ടാമിന്നിംഗ്സിൽ നഥാൻ ലയോണിനെതിരെ കടന്നാക്രമണം നടത്താൻ പന്തിന് കഴിഞ്ഞെന്നും എന്നാൽ എതിരാളികൾക്ക് കൂടുതൽ നാശം വിതക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും ശാസ്ത്രി അഭിപ്രായപ്പെടുന്നു.

ബോളർമാരെക്കുറിച്ച് ചോദിച്ചപ്പോൾ, പെർത്ത് ടെസ്റ്റ് ആരംഭിക്കാൻ നാല് ദിവസം കൂടിയേ ബാക്കിയുള്ളൂ എന്നതിനാൽ അവർക്കിപ്പോൾ വിശ്രമം അനിവാര്യമാണെന്നും, പരമ്പരയിൽ ഉടനീളം പേസർമാരെ മികച്ച ഫിറ്റ്നസോടെ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ശാസ്ത്രി മറുപടി നൽകി. അഞ്ചാം ടെസ്റ്റിന്റെ അവസാനമെത്തിയപ്പോൾ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തളർന്നിരുന്നെന്നും അടുത്ത ടെസ്റ്റിന് മുൻപ് താരങ്ങളെല്ലാം മികച്ച ഫിറ്റ്നസിലേക്ക് എത്തേണ്ടതുണ്ടെന്നും ഇന്ത്യൻ പരിശീലകൻ കൂട്ടിച്ചേർത്തു.