SHARE

പന്തിനെ വെറുതെ വിടൂ പന്തിനെ വെറുതെ വിടൂ എന്ന് വിമര്‍ശകരോട് നാഴികയ്ക്ക് നാല്‍പതു വട്ടം വിലപിക്കുന്ന നായകന്‍മാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖരോട് മലയാളികളും ട്രോളര്‍മാരും വീണ്ടും ചോദിക്കുന്നു എന്തു കൊണ്ടാണ് നിങ്ങള്‍ സഞ്ജു സാംസണ്‍ എന്ന യുവ പ്രതിഭയ്ക്ക് അവസരം നല്‍കാത്തത്. അതോ പ്രതിഭയല്ലെ ഇന്ത്യന്‍ ടീമിലേയ്ക്കുള്ള സെലക്ഷന്റെ ആധാരം. പ്രമുഖരുടെ ഇഷ്ടക്കാരനാവുക എന്നതാണോ. ഇങ്ങനെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.

അവസാന ട്വന്റി – ട്വന്റിയിലും പന്ത് വന്‍ പരാജയമായതോടെയാണ് വിമര്‍ശനങ്ങളും ട്രോളുകളും ഏറുന്നത്. മഹേന്ദ്രസിംഗ് ധോണിയുടെ പിന്‍ഗാമിയെന്ന് ആരോ ചാര്‍ത്തിക്കൊടുത്ത അലങ്കാരമാണോ പന്തിന്റെ യോഗ്യതയെന്നാണ് ട്വിറ്ററില്‍ ഒരു വിമര്‍ശകന്‍ ചോദിച്ചത്. സഞ്ജുവിന് അവസരം കൊടുത്ത് ഒരു കളിയില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്താല്‍ വീണ്ടും കളിപ്പിക്കേണ്ടി വരുമോയെന്ന പേടിയാണോ സഞ്ജുവിനെ തഴയാന്‍ കാരണമെന്നാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന മറ്റൊരു ചോദ്യം.

പരിഹാസ ട്രോളുകളുടെ പെരുമഴയാണ് സെലക്ടര്‍മാര്‍ക്കെതിരെ പെയ്യുന്നത്. ചിലര്‍ ഗാംഗുലിയെ മെന്‍ഷന്‍ ചെയ്താണ് വിമര്‍ശനങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഗാംഗുലി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. മലയാളി ആരാധകരെ അങ്ങേയറ്റം നിരാശരാക്കുന്നതായിരുന്നു ഇന്നലെത്തെ ഇന്ത്യന്‍ ടീമിന്റെ അന്തിമ ഇലവന്‍. ആദ്യ രണ്ടു കളികളിലും അവസരം നല്‍കാത്തതിനാല്‍ ഇന്നലത്തെ മത്സരത്തില്‍ സഞ്ജു ഉണ്ടാകുമെന്ന് പലരും ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇല്ലാതെ വന്നതാണ് മലയാളി ആരാധകരെ ചൊടിപ്പിച്ചത്.

മാത്രമല്ല പന്തിന്റെ പരാജയം കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി. പന്തിന്റെ വിമര്‍ശിക്കരുതേ എന്നു യാചിച്ചു കൊണ്ട ഇനിയും ഇതുവഴി വരരുതേ എന്ന മുന്നറിയിപ്പും ട്വിറ്ററിലൂടെ ഇന്ത്യന്‍ ടീമിന് ആരാധകര്‍ കൊടുക്കുന്നുണ്ട്.