SHARE

ഗ്രീക്ക് സൂപ്പർ ലീ​ഗിൽ 34 വർഷത്തിന് ശേഷം കിരീടം നേടി പാവോക്ക് ചരിത്രം രചിച്ചു. ലീ​ഗിൽ ലെവഡിയാക്കോസിനെ എതിരില്ലാത്ത അഞ്ച്​ ​ഗോളുകൾക്ക് തകർത്താണ് പാവോക്ക് കിരീടം ചൂടിയത്. നിലവിൽ‍ എട്ട് പോയിന്റുള്ള പാവോക്കിനെ അവസാന മത്സരം കൂടി തോൽക്കാതിരുന്നാൽ ലീ​ഗിലെ അപരാജിത ടീമെന്ന നേട്ടം കൈവരിക്കാനാകും

തെസ്ലോനിക്കി ആസ്ഥാനമായുള്ള ക്ലബ് 1985-ലാണ് ഇതിന് മുമ്പ് ​ഗ്രീക്ക് ലീ​ഗിൽ വിജയക്കൊടി പാറിച്ചത്. ഇന്നലെ സ്വന്തം മൈതാനമായ ടോമ്പ സ്റ്റേഡിയത്തിൽ എതിരാളികളെ തകർത്ത് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പ് സഫലമാക്കിയപ്പോൾ ക്ലബ് ആരാധകർ ഇളകി മറിഞ്ഞു. 33,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 35,000-ലേറെ പേർ എത്തിയിട്ടുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. കിരീടം നേടുമെന്ന പ്രതീക്ഷയിൽ പതിനായിരങ്ങൾ അണിനിരന്ന റാലിയുമായാണ് ആരാധകർ ​ഗ്രൗണ്ടിലെത്തിയത്.

മത്സരശേഷം പതിവുപോലെ ആരാധകർ ടോമ്പ സ്റ്റേഡിയം തീജ്വാലകളാൽ നിറച്ചു. തെരുവിലിറങ്ങിയ ആരാധകർ തെസ്ലോനിക്കി ന​ഗരമധ്യത്തിൽ ടീമം​ഗങ്ങൾക്ക് രാജകീയവരവേൽപ്പ് നൽകി. ഞായറാഴ്ച രാത്രി തുടങ്ങിയ ആഘോഷം തിങ്കളാഴ്ച ഉച്ചയായിട്ടും അവസാനിച്ചിട്ടില്ലെന്ന് ​ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ ​ഗ്രീക്ക് ലീ​ഗിൽ രണ്ടാം സ്ഥാനക്കാരായിരുന്നു പാവോക്ക്. എ.ഇ.കെ ആതെൻസിനെതിരായ മത്സരത്തിൽ സംഘർഷമുണ്ടായതോടെ പാവോക്ക് ചെയർമാൻ ഇവാൻ സെവിഡെസ് കളിക്കളത്തിലേക്ക് തോക്കുമായി ഇറങ്ങിയ സംഭവം വിവാദമായിരുന്നു. ഇതേത്തുടർന്നുള്ള ശിക്ഷാനടപടി പാവോക്കിന്റെ കിരീടസ്വപ്നങ്ങളെ തകർത്തു