SHARE

ഫുട്ബോൾ ലോകകിരീടം നേടിയ ഫ്രഞ്ച് ടീമിന് പാരീസിൽ നിന്ന് വ്യത്യസ്തമായൊരു സമ്മാനം. പാരിസിലെ 6 മെട്രോ സ്റ്റേഷനുകളുടെ പേരുകളാണ് ടീമിനോടുള്ള ആദരവ് പ്രകടിപ്പിച്ച്, താത്കാലികമായി മാറ്റിയിരിക്കുന്നത്. ഫ്രാൻസ് പരിശീലകന്റെയും ക്യാപ്റ്റന്റേയുമൊക്കെ പേരുകൾ ചേർത്തായിരിക്കും മെട്രോ സ്റ്റേഷനുകൾ ഇനി അറിയപ്പെടുക.

കോച്ച് ദിദിയർ ദെഷാംപ്‌സിന്റെ പേരിൽ രണ്ട് സ്റ്റേഷനുകളാണ് ഉള്ളത്. “നോറ്ററെ ഡമേ ദെഷാംപ്‌സ് ” എന്ന സ്റ്റേഷൻ ഇനി മുതൽ അറിയപ്പെടുക “നോറ്ററെ ദിദിയർ ദെഷാംപ്‌സ് ” എന്ന പേരിലാകും. ഒപ്പം “ചാംപ്സ് എലൈസിസ് ക്ലെമെൻസിയോ ” സ്റ്റേഷന്റെയും പേര് മാറ്റിട്ടുണ്ട്. ഇനി മുതൽ “ദെഷാംപ്‌സ് എലൈസിസ് ക്ലെമെൻസിയോ ” എന്നാകും ഈ സ്റ്റേഷൻ അറിയപ്പെടുക. 1998 ൽ ഫ്രാൻസിന് ലോകകിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ കൂടിയാണ് ഇപ്പോഴത്തെ കോച്ച് ദിദിയർ ദെഷാംപ്‌സ്.

“വിക്ടർ ഹ്യൂഗോ ” ഇനി മുതൽ അറിയപ്പെടുക ഫ്രഞ്ച് ക്യാപ്റ്റനും ഗോൾകീപ്പറുമായ ലോറിസിന്റെ പേരിലാകും. “വിക്ടർ ഹ്യൂഗോ ലോറിസ് ” എന്നാണ് പുതുക്കിയ പേര്. ടീമിനൊന്നാകെ നന്ദിയർപ്പിച്ചുകൊണ്ട് “ബെർസി ” മെട്രോ സ്റ്റേഷൻ “ബെർസി ലെസ് ബ്ലൂസ് ” എന്ന് പുനർനാമകരണം ചെയ്തു.

“നമ്മൾ വിജയിച്ചു ” എന്നർത്ഥം വരുന്ന “നൗസ് അവറോൺ ഗാനെ ” എന്ന ഫ്രഞ്ച് വാക്യമാണ് ഒരു സ്റ്റേഷന്റെ പുതിയ പേര്. “ചാൾസ് ദേ ഗൗല്ലെ ഏതൊലി” എന്ന സ്റ്റേഷൻ ഇനി മുതൽ അറിയപ്പെടുക ” ഓൺ എ 2 ഏതൊലിസ് ” എന്നായിരിക്കും. ഞങ്ങൾക്ക് രണ്ട് താരങ്ങളുണ്ടെന്നാണ് ഇതിനർത്ഥം. ഇത് ഫ്രാൻസ് നേടിയ രണ്ട് ലോകകപ്പുകളെ സൂചിപ്പിക്കുന്നു. ലോകകപ്പ് നേടിയതിന് ശേഷം റോയ്‌സി എയർപോർട്ടിൽ വിമാനമിറങ്ങിയ ടീമിന് ഗംഭീര സ്വീകണമാണ് ആരാധകരും ഫ്രഞ്ച് ഭരണകൂടവും ചേർന്ന് ഒരുക്കിയത്.