SHARE

ഇന്ത്യയുടെ സീനിയർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരിലൊരാളായ പാർത്ഥിവ് പട്ടേൽ എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. അല്പം മുൻപ് ട്വിറ്ററിലൂടെയായിരുന്നു താൻ പാഡഴിക്കുന്ന വിവരം പാർത്ഥിവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.‌ പ്രായം മുപ്പത്തിയഞ്ച് പിന്നിട്ടെങ്കിലും താരത്തിന്റെ പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപനം ആരാധകർക്ക് അല്പം അമ്പരപ്പ് സമ്മാനിക്കുന്നുണ്ട്.

2002 ൽ തന്റെ പതിനേഴാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി ശ്രദ്ധേയനായ താരമാണ് പാർത്ഥിവ്. ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ് ഹാമിൽ വെച്ചു നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു ഇത്. 2003 ജനുവരിയിൽ ന്യൂസിലൻഡിനെതിരെ കളിച്ച് ഏകദിനത്തിലും പാർത്ഥിവ് തന്റെ വരവറിയിച്ചു. അതേ വർഷം ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന ഏകദിന ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യൻ സംഘത്തിലും പാർത്ഥിവ് ഉണ്ടായിരുന്നു‌. അഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിന്റെ നായകനായിരുന്ന പാർത്ഥിവ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ്. 2018 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബർഗിൽ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ‌ സൂപ്പർ കിംഗ്സ്, ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള, മുംബൈ ഇന്ത്യൻസ്, സൺ റൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. യു എ ഇ യിൽ വെച്ചു നടന്ന ഈ വർഷത്തെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്ന പാർത്ഥിവിന് പക്ഷേ ഒരു മത്സരത്തിൽപ്പോലും പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ജേഴ്സിയിൽ 25 ടെസ്റ്റുകളും, 38 ഏകദിനങ്ങളും, 2 ടി20 മത്സരങ്ങളും കളിച്ച പാർത്ഥിവ് ടെസ്റ്റിൽ 934, ഏകദിനത്തിൽ 736, ടി20 യിൽ 36 എന്നിങ്ങനെയാണ് റൺസ് സ്കോർ ചെയ്തത്.