SHARE

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലായിരുന്ന‌ സമയം ഇപ്പോളത്തെ സ്റ്റാർ പേസർ ജസ്പ്രിത് ബുംറയെ ലേലത്തിൽ നിന്ന് വാങ്ങാൻ താൻ വിരാട് കോഹ്ലിയോട് പറഞ്ഞിരുന്നുവെന്ന് ഇന്ത്യൻ സൂപ്പർ താരം പാർത്ഥിവ് പട്ടേലിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ‌ദിവസം ഒരിന്ത്യൻ മാധ്യമത്തോട് സംസാരിക്കവെയാണ് പാർത്ഥിവ് ഇക്കാര്യം പറഞ്ഞത്.

” ബുംറയെ കാട്ടി വിരാടിനോട് ഞാൻ പറഞ്ഞു, ഇതാണ് ആ താരം. നമുക്ക് അദ്ദേഹത്തെ ടീമിലെത്തിക്കണം. പക്ഷേ തന്ത്രപരമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മറികടന്ന് ബുംറയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.” പാർത്ഥിവ് പറഞ്ഞു. അതേ സമയം ബുംറയെ അന്ന് ടീമിലെത്തിച്ചിരുന്നെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഐപിഎൽ റെക്കോർഡ് ഇപ്പോൾ കാണുന്നത് പോലെയാകുമായിരുന്നില്ല. മുംബൈ ഇന്ത്യൻസിലേക്ക് പോയ ബുംറയാകട്ടെ അവിടുത്തെ ഒന്നാംനമ്പർ ബോളറാവുകയും, ടീമിന്റെ കിരീട നേട്ടങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

നിലവിലെ സാഹചര്യം അനുസരിച്ച് അടുത്തെങ്ങും ബുംറയെ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്ന്‌ വിടാനും സാധ്യതയില്ല. എന്നാൽ ബുംറയെ സ്വന്തമാക്കാൻ കഴിയാതിരുന്ന ബാംഗ്ലൂരിന് പല‌സീസണുകളിലും വിനയായത് നല്ലൊരു ഫാസ്റ്റ് ബോളറുടെ അഭാവമായിരുന്നു. അത് കൊണ്ടു‌തന്നെ അന്ന് പാർത്ഥിവ് പട്ടേലിന്റെ നിർദ്ദേശം പൂർണമായും അംഗീകരിച്ച് കൊണ്ട് ബാംഗ്ലൂർ ലേലത്തിൽ പങ്കെടുത്തിരുന്നെങ്കിൽ ടീമിന്റെ തലവര തന്നെ മാറുമായിരുന്നുവെന്നാണ് ഇപ്പോൾ ഒരു പറ്റം ആരാധകർ പറയുന്നത്.