SHARE

ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് യു എ ഇ യിൽ നടക്കാനിരിക്കുന്ന പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ര‌ണ്ടാം പാദത്തിലെ തുടക്ക മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത. സെപ്റ്റംബർ ആദ്യം ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കൻ പര്യടനമാണ് താരങ്ങളുടെ ഐപിഎൽ പങ്കാളിത്തത്തിന് തിരിച്ചടിയായി നിൽക്കുന്നത്.

സെപ്റ്റംബർ 2 ന് ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കൻ പര്യടനത്തിൽ 3 വീതം ഏകദിന, ടി20 മത്സരങ്ങളാണുള്ളത്. മത്സരങ്ങൾ അവസാനിക്കുന്നതാകട്ടെ സെപ്റ്റംബർ 12 നും. ശ്രീലങ്കൻ പര്യടനത്തിൽ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ കനത്ത സുരക്ഷാ ബബിളിനുള്ളിലായിരിക്കുമെങ്കിലും ബബിൾ ടു ബബിൾ ട്രാൻസ്ഫറിലൂടെ ഇവരെ യു എ ഇ‌യിൽ ഐപിഎൽ ടീമുകൾക്കൊപ്പം ചേരുന്നതിന് യു എ ഇ സർക്കാർ അനുവാദം നൽകുമോ എന്നത് കണ്ടറിയണം. അതിന് അനുമതി‌ ലഭിച്ചില്ലെങ്കിൽ യു എ ഇയിലെത്തി ഹാർഡ് ക്വാറന്റൈൻ കഴിഞ്ഞാൽ മാത്രമേ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഐപിഎൽ ടീമുകൾക്കൊപ്പം ചേരാൻ കഴിയൂ. ഇങ്ങനെ വരുമ്പോൾ ഐപിഎൽ രണ്ടാം പാദത്തിന്റെ ആദ്യ മത്സരങ്ങൾ ഈ താരങ്ങൾക്ക് നഷ്ടമായേക്കും.

മുംബൈ ഇന്ത്യൻസിന്റെ പ്രധാന താരങ്ങളിലൊരാളായ ക്വിന്റൺ ഡി കോക്ക്, ഡെൽഹി ക്യാപിറ്റൽസിന്റെ പ്രധാന താരങ്ങളായ ആൻറിച്ച് നോർക്കിയ, കാഗിസോ റബാഡ എന്നിവർക്ക് ഇത്തരത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിനുള്ള അനുമതി നിഷേധിക്കപ്പെട്ടാൽ ഐപിഎൽ രണ്ടാം ഘട്ടത്തിന്റെ ആദ്യ മത്സരങ്ങൾ നഷ്ടമാകും. അത് കൊണ്ടു തന്നെ ഈ ഫ്രാഞ്ചൈസികളെ കൂടുതൽ ആശങ്കാകുലരാക്കുന്ന വാർത്തയാണിത്.

ഐപിഎൽ കരാറുള്ള ദക്ഷിണാഫ്രിക്കൻ താരങ്ങൾ – ഫാഫ് ഡുപ്ലെസിസ്, ലുങ്കി എംഗിഡി, ഇമ്രാൻ താഹിർ, കാഗിസോ റബാഡ, ആൻ റിച്ച് നോർക്കിയ, മാർക്കോ ജാൻസൻ, ക്വിന്റൺ ഡികോക്ക്, എബി ഡിവില്ലിയേഴ്സ്, ക്രിസ് മോറിസ്, ഡേവിഡ് മില്ലർ.

നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പതിനാലാം എഡിഷൻ ഐപിഎൽ പാതി വഴിയിൽ വെച്ചു നിർത്തി വെച്ചത്. ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 നാണ് പുനരാരംഭിക്കുക. ചിരവൈരികളായ മുംബൈ ഇന്ത്യൻസും, ചെന്നൈ‌ സൂപ്പർ കിംഗ്സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ഒക്ടോബർ 15 ന് ദുബായിലാണ് ടൂർണമെന്റിന്റെ ഫൈനൽ.

മൊത്തം 31 മത്സരങ്ങളാണ് പതിനാലാം എഡിഷൻ ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ നടക്കുക. ഇതിൽ 13 മത്സരങ്ങൾക്ക് ദുബായ് വേദിയാകുമ്പോൾ, 10 മത്സരങ്ങൾക്ക് ഷാർജ ആതിഥേയരാകും. ശേഷിക്കുന്ന 8 മത്സരങ്ങൾ അബുദാബിയിലാണ് നടക്കുക. മൊത്തം 7 ഡബിൾ ഹെഡറുകളാണ് രണ്ടാം പാദത്തിൽ നടക്കുക.