SHARE

ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി വലം കൈയ്യൻ സ്റ്റാർ പേസർ പാറ്റ് കമ്മിൻസിനെ നിയമിച്ചു‌. സെക്സ്റ്റിംഗ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച നായക സ്ഥാനം രാജി വെച്ച ടിം പെയിന് പകരമാണ് പാറ്റ് കമ്മിൻസ് ഓസ്ട്രേലിയയുടെ പുതിയ നായകനായി തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ നയിക്കാനൊരുങ്ങുന്ന നാൽപ്പത്തിയേഴാമത്തെ കളികാരനാണ് കമ്മിൻസ്.

2018 ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന പന്തു ചുരണ്ടൽ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ട ടിം പെയിൻ സെക്സ്റ്റിംഗ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ നായക സ്ഥാനം ഒഴിഞ്ഞതിനൊപ്പം, ക്രിക്കറ്റിൽ നിന്ന്‌ ചെറിയ ഇടവേളയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ എന്നാകും താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുക എന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല.

നേരത്തെ ടിം പെയിന് കീഴിൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ഉപനായകനായിരുന്നു‌ നിലവിൽ ടെസ്റ്റ് ബോളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള പാറ്റ് കമ്മിൻസ്. ഉപനായക സ്ഥാനത്ത് നിന്ന് ക്യാപ്റ്റൻ സ്ഥാനത്തേക്ക് കമ്മിൻസിന് പ്രൊമോഷൻ ലഭിച്ചതോടെ ടീമിന്റെ മുൻ നായകനായിരുന്ന സ്റ്റീവ് സ്മിത്ത് ഉപനായക സ്ഥാനത്തേക്കുമെത്തിയിട്ടുണ്ട്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ആഷസ് പരമ്പയാകും കമ്മിൻസിന് കീഴിൽ ഓസ്ട്രേലിയയുടെ ആദ്യ പരമ്പര.