SHARE

നെയ്മര്‍ എന്ന ബ്രസീലുകാരന്‍ ബാഴ്‌സലോണയോട് യാത്ര പറഞ്ഞപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത്, മറ്റൊരു ബ്രസീലുകാരനായ ഫിലിപ്പ് കുട്ടിന്യോയെയായിരുന്നു. ആരാധകരുടെ ആഗ്രഹം നിറവേറ്റാന്‍ ബാഴ്‌സ അധികൃതര്‍ വളരെയേറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ബാഴ്‌സ ടീമിലെത്തിച്ചതും പൗളീന്യോയെന്ന മറ്റൊരു ബ്രസീലുകാരനെയാണ്. 40 ദശലക്ഷം യൂറോ മുടക്കിയാണ് പൊളിന്യോയെ ബാഴ്സ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്.

കൈയ്യിലുണ്ടായിരുന്നത് പോവുകയും ചെയ്തു, പ്രതീക്ഷിച്ചത് കിട്ടിയതുമില്ല, കിട്ടിയതാകട്ടെ ചൈനീസ് ലീഗില്‍ നിന്ന് ഒരു ശരാശരി താരത്തെ. അതും വന്‍ തുക മുടക്കി. കറ്റാലന്‍ ആരാധകരുടെ നെറ്റി ചുളിയാന്‍ മറ്റെന്തെങ്കിലും വേണോ, എന്നാല്‍ സീസണ്‍ പകുതിയാകുമ്പോള്‍ ബാഴസയുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് പൗളിന്യോ.

ഹോസെ പൗലോ ബെസേറ മസിയെല്‍ ജൂനിയര്‍ എന്ന മുഴുവന്‍ പേരുകാരനായ പൗളിന്യോയ്ക്ക് പ്രായം 29 വയസ് മാത്രം. എന്നാല്‍ ഈ ചെറിയ പ്രായത്തിനിടയില്‍ കളിച്ചത് എട്ട് ക്ലബുകളില്‍. മറ്റ് ബ്രസീലിയന്‍ താരങ്ങളില്‍ നിന്ന് വളരെയേറെ വ്യത്യസ്തമാണ് പൊളിന്യോയുടെ പ്രൊഫഷണല്‍ ഫുട്‌ബോളിലെ തുടക്കം. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ലിത്വാനിയ, പോളണ്ട് എന്നിവിടങ്ങളിലെ ക്ലബുകളില്‍ കളിച്ചാണ് പൗളിന്യോ കരിയര്‍ തുടങ്ങുന്നത്.

പിന്നീട് ബ്രസീലില്‍ മടങ്ങിയെത്തിയ പൗളിന്യോ, ബ്രസീലിലെ രണ്ടാം നിര ക്ലബുകള്‍ക്ക് കളിച്ചു. അവിടെ നിന്ന് ബ്രസീലിയന്‍ സൂപ്പര്‍ ടീമായ കൊറിന്ത്യൻസിലേക്കും, പിന്നീട് ഇംഗ്ലീഷ് ക്ലബ് ടോട്ടനമിലേക്കും, പിന്നെ ചൈനീസ് ടീം ഗ്വാങ്ഷു എവര്‍ഗ്രന്‍ഡെയും ഒടുവിലിതാ ബാഴ്‌സയിലും എത്തി നില്‍ക്കുന്നു.

മറ്റൊരു ക്ലബിലും മികച്ചതെന്ന് പറയാവുന്ന പ്രകടനം പുറത്തെടുക്കാതിരുന്ന പൗളിന്യോ ബാഴ്‌സയില്‍ പക്ഷേ പുലിയായി മാറി. ലാ ലിഗയില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് ഗോളുകളാണ് ഈ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറുടെ സമ്പാദ്യം. ബാലണ്‍ ദി ഓര്‍ ജോതാവ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഈ ലാ ലിഗ സീസണില്‍ ഇതുവരെ നേടിയത് നാല് ഗോളുകള്‍ മാത്രമാണെന്നത് ശ്രദ്ധേയം. അതോടൊപ്പം തന്നെ ലാ ലിഗയില്‍ മറ്റൊരു സെന്‍ട്രല്‍ മിഡ്ഫീല്‍ഡറും ഇത്ര ഗോള്‍ നേടിയിട്ടില്ല.

ചൈനീസ് ലീഗില്‍ നിന്ന് പൗളിന്യോ ബാഴ്‌സയിലെത്തുമ്പോള്‍ അതൊരു മോശം കച്ചവടമായിരിക്കുമെന്നാണ് എല്ലാവരും തന്നെ പ്രവചിച്ചത്. എന്നാല്‍ സീസണ്‍ പകുതിയാകുമ്പോള്‍ തന്നെ വിശ്വസിച്ച ടീമിനോട് നീതി പുലര്‍ത്തുകയാണ് പൗളിന്യോ. ബാഴ്‌സയുടെ ഫസ്റ്റ് ഇലവനില്‍ സ്ഥിര സാന്നിധ്യമായി പൗളിന്യോ മാറിയതോടെ, മറ്റ് പല കളിക്കാരുടേയും സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടുണ്ട്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി മികച്ച കൂട്ടുകെട്ട് സ്ഥാപിച്ചുകഴിഞ്ഞു ഈ ബ്രസീലിയൻ.

നെയ്മര്‍ ടീം വിട്ടതിന്റെ അഭാവമുണ്ടായിരുന്നെങ്കിലും സീസണില്‍ ഇതുവരെ മിന്നുന്ന ഫോമിലാണ് ബാഴ്‌സ. പരിക്കില്‍ നിന്ന് മോചിതനായി ഡെംബെലെ തിരിച്ചെത്തിയതും പുതിയ സൈനിംഗായി കുട്ടിന്യോ വന്നതും ബാഴ്സയെ കൂടുതല്‍ കരുത്തരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബ്രസീല്‍ ദേശീയ ടീമിനായും ഈ വര്‍ഷം മിന്നുന്ന പ്രകടനം നടത്തിയ പൗളിന്യോ, ലക്ഷ്യമിടുന്നത് 2018 ലോകകപ്പ് തന്നെയാണ്.