ഖത്തർ ലോകകപ്പിൽ ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ പരിശീലകൻ പൗളോ ബെന്റോ സ്ഥാനമൊഴിഞ്ഞു. ബ്രസീലിനെതിരായ കൊറിയയുട കനത്ത തോൽവിക്ക് പിന്നാലെ നടന്ന പത്രസമ്മേളനത്തിലാണ് താൻ തുടരുന്നില്ല എന്ന് ബെന്റോ സ്ഥിരീകരിച്ചത്.
പോർച്ചുഗീസ് പരിശീലകനായ ബെന്റോ 2018 മുതൽ ദക്ഷിണ കൊറിയ ടീമിന്റെ ചുമതല വഹിക്കുകയാണ്. ഇക്കുറി ലോകകപ്പിൽ ഘാന, പോർച്ചുഗൽ, യുറുഗ്വെ എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്ന് ദക്ഷിണ കൊറിയയെ നോക്കൗട്ടിലെത്തിക്കാൻ ബെന്റോയ്ക്കായി. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തെടുത്ത പോരാട്ടവീര്യം, നോക്കൗട്ടിൽ ബ്രസീലിന് മുന്നിൽ കൊറിയക്ക് കാഴ്ചവയ്ക്കാനായില്ല. ഇതോടെ ഒന്നെതിരെ നാല് ഗോളിന്റെ തോൽവി അവർ നേരിട്ടു.
ലോകകപ്പോടെ പരിശീലകസ്ഥാനമൊഴിയുമെന്നത് താൻ സെപ്റ്റംബറിലേ തീരുമാനിച്ച കാര്യമാണെന്നാണ് ബെന്റോ പറയുന്നത്. 2010 മുതൽ നാല് വർഷം പോർച്ചുഗൽ ദേശീയ ടീമിനേയും പരിശീലിപ്പിച്ച പരിചയം ബെന്റോയ്ക്കുണ്ട്.