SHARE

ഐസ്ലൻഡിനോട് സമനില വഴങ്ങി റഷ്യൻ ലോകകപ്പിന് തുടക്കംകുറിച്ച അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ന് ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ്. ആദ്യ മത്സരത്തിലെ സമനിലയിൽ നിന്ന് നിരവധി പാഠങ്ങളുൾക്കൊണ്ട് ക്രൊയേഷ്യക്കെതിരെ കളിക്കാനിറങ്ങുന്ന അർജന്റീനാ നിരയിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ പ്രതിരോധതാരം റോജോയും, ഏഞ്ചൽ ഡി മരിയയും ക്രൊയേഷ്യക്കെതിരെ പുറത്തിരിക്കാനാണ് സാധ്യത.

കരുത്തരായ ക്രൊയേഷ്യക്കെതിരെ 3-4-3 ഫോർമേഷനിലാകും അർജന്റീന കളിക്കുകയെന്നാണ് സൂചന. ഏഡ്വാർഡോ സാൽ വിയോയ്ക്കും, നിക്കോളാസ് ടാഗ്ലിയാഫിക്കോയ്ക്കും വിംഗ് ബാക്ക് പൊസിഷനുകളിൽ കൂടുതൽ സ്വാതന്ത്ര്യം നൽകും. ടീമിലെ മറ്റൊരു പ്രധാന മാറ്റം യുവ താരം ക്രിസ്റ്റ്യൺ പവണിന്റെ ആദ്യ ഇലവനിലേക്കുള്ള തിരിച്ചു വരവായിരിക്കും. ഐസ്ലൻഡിനെതിരായ ആദ്യ മത്സരത്തിൽ പകരക്കാരനായിറങ്ങിയ താരം മൈതാനത്തുണ്ടായിരുന്ന കുറച്ച് സമയം കൊണ്ട് മികച്ച പ്രകടനം കാഴ്ച വെച്ച് പരിശീലകൻ സാമ്പോളിയുടെ പ്രീതി പിടിച്ച് പറ്റിയിരുന്നു. പവൺ കളത്തിലെത്തിയതിന് ശേഷം ഐസ്ലൻഡിനെതിരെ അർജന്റീനയുടെ ആക്രമണത്തിന്റെ മൂർച്ചയും കൂടിയിരുന്നു.

ആക്രമണത്തിൽ പവണിനെ സ്വാതന്ത്ര്യത്തോടെ അഴിച്ച് വിടാനാണ് സാമ്പോളിയുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്‌. മികച്ച വേഗതയും പ്രതിരോധങ്ങൾക്കിടയിലൂടെ കുതിച്ച് കയറാനുള്ള കഴിവും പവണിന്റെ പ്രത്യേകതയാണ്. മെസിയും അഗ്യൂറോയും ടീമിൽ തങ്ങളുടെ സ്ഥാനം നിലനിർത്തും. മധ്യനിരയിൽ മാർക്കസ് അക്ക്യൂനയും ടീമിലെത്തുമെന്ന് സൂചനകളുണ്ട്. അങ്ങനെയാണെങ്കിൽ ലൂക്കാസ് ബിഗ്ലിയക്കാകും സ്ഥാനം നഷ്ടമാവുക.