SHARE

പവന്‍ നേഗി എന്ന ബൗളിംഗ് ഓള്‍റൗണ്ടര്‍ ലോക ക്രിക്കറ്റില്‍ അത്ര വലിയ താരമൊന്നുമല്ല. എന്നാല്‍ ഐപിഎല്ലില്‍ പൊന്നും വില കിട്ടിയ താരങ്ങളിലൊരാളാണ് ഈ ഇടംകൈയന്‍. 2016 സീസണില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് പൊന്നും വിലയിട്ട് താരത്തെ സ്വന്തമാക്കിയപ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നാകെ ഞെട്ടി. ദേശീയ തലത്തില്‍ പോലും കാര്യമായ അഡ്രസ് ഉണ്ടാക്കിയിട്ടില്ലാത്ത താരത്തിന് ഡെല്‍ഹി നല്കിയത് 8.5 കോടി രൂപ.

മണ്ടത്തരമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തിയ തീരുമാനം തെറ്റെന്ന് തെളിയിക്കാന്‍ നേഗിക്കുമായില്ല. എട്ടു മത്സരങ്ങളില്‍ നിന്ന് ആകെ നേടാനായത് ഒരു വിക്കറ്റ് മാത്രം. ബാറ്റു കൊണ്ട് നേടിയതാകട്ടെ വെറും 57 റണ്‍സും. തൊട്ടടുത്ത സീസണില്‍ ഡെല്‍ഹി താരത്തെ ഒഴിവാക്കി. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് നേഗിയെ സ്വന്തമാക്കിയത്. തരതമ്യേന ഭേദപ്പെട്ട വിലയായ ഒരു കോടി രൂപയ്ക്ക്.

എട്ടു കോടിക്കു കളിച്ചതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ ഡല്‍ഹിക്കാരന് സാധിക്കുകയും ചെയ്തു. 11 മത്സരങ്ങളില്‍ 13 എതിര്‍ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ഇത്തവണയും താരലേലത്തിലേക്ക് നേഗി വീണ്ടുമെത്തുകയാണ്. പക്ഷേ വില വീണ്ടും കുറഞ്ഞു. അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് വെറും 50 ലക്ഷം രൂപയാണ്. ചെറിയ തുകയ്ക്ക് വിളിച്ചെടുത്താല്‍ നേട്ടമുണ്ടാക്കാവുന്ന താരമാണ് നേഗി. വലിയ താരങ്ങളേക്കാള്‍ ചെറിയ താരങ്ങളെ ടീമിലെടുക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നേഗിയെ ചിലപ്പോള്‍ ടീമിലെത്തിച്ചേക്കാം.