SHARE

അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ നിരവധി സൂപ്പര്‍ താരങ്ങളാണ് പരുക്കേറ്റ് പുറത്താവുന്നത്. ബ്രസീല്‍ സൂപ്പര്‍ താരം ഡാനി ആല്‍വസും ഫ്രഞ്ച് പ്രതിരോധതാരം കൊസെയില്‍നി തുടങ്ങിയ താരങ്ങള്‍ ലോകകപ്പിനില്ലെന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ, ഫ്രഞ്ച് മധ്യനിര താരം ദിമിറ്റി പയേറ്റും ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അത്‌ലറ്റികോ മഡ്രിഡിനെതിരെ നടന്ന യുറോപ്പാ ലീഗ് ഫൈനല്‍ മത്സരത്തില്‍ മാഴ്‌സെക്ക് വേണ്ടി പയേറ്റ് കളത്തിലിറങ്ങിയിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിന് പുറമേ, പയേറ്റിന് പരുക്കേൽക്കുകയും ചെയ്തു. കണ്ണീരോടെയണ് താരം മൈതാനം വിട്ടത്. എന്നാൽ ലോകകപ്പിന് മുമ്പ് പരുക്ക് ഭേദമാവുമെന്നാണ് ആരാധകർ കരുതിയത്. പക്ഷേ,  താരത്തെ ഒഴിവാക്കി ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദേഷ്ചാംപ്‌സ് ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെ ആരാധകരും നിരാശയിലായി.

അന്റോണിയോ ഗ്രീസ്മാന്‍, കെയ്‌ലന്‍ എംബാപ്പെ, ഒലിവര്‍ ഗിറൂഡ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ദേഷ്ചാംപ്‌സ് ടീമിനെ പ്രഖ്യാപിച്ചത്. അതേ സമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി മാര്‍ഷ്യല്‍, അലക്‌സാന്‍ഡ്രെ ലാക്‌സെറ്റ തുടങ്ങിയവര്‍ ടീമില്‍ സ്ഥാനം പിടിച്ചില്ല.