SHARE

കിരീടനേട്ടത്തിൽ പുതിയ ചരിത്രമെഴുതുകയാണ് ചെൽസിയുടെ സ്പാനിഷ് താരം പെഡ്രോ. ഇന്നലെ ചെൽസിക്കൊപ്പം യൂറോപ്പാ ലീ​ഗ് കിരീടം നേടിയപ്പോൾ ക്ലബ് തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രധാന കിരീടനേട്ടങ്ങളിലെല്ലാം പങ്കാളിയായതിന്റെ റെക്കോർഡ് പെഡ്രോയ്ക്ക് സ്വന്തമായി.

ബാഴ്സലോണ, ചെൽസി എന്നീ ക്ലബുകൾക്കും സ്പാനിഷ് ദേശീയ ടീമിനുമായാണ് പെഡ്രോ ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്. ലാ ലി​ഗ, ചാമ്പ്യൻസ് ലീ​ഗ് കിരീടങ്ങൾ ബാഴ്സക്കൊപ്പം നേടിയ പെഡ്രോ ചെൽസിക്കൊപ്പം പ്രീമിയർ ലീ​ഗ്, യൂറോപ്പാ ലീ​ഗ് എന്നിവയും നേടി. ഒരോ ലോകകപ്പ് യൂറോ കപ്പ് കിരീടങ്ങൾ സ്പാനിഷ് ദേശീയ ടീമിനൊപ്പം പെഡ്രോ സ്വന്തമാക്കി.

ഇതിനുപുറമെ കോപ്പാ ഡെൽ റേ, ഫിഫ ക്ലബ് ലോകകപ്പ്, സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവയും ബാഴ്സയിൽ കളിക്കവെ പെഡ്രോയുടെ പേരിലുണ്ട്. ചെൽസിക്കൊപ്പം ഒരു എഫ്.എ കപ്പ് കൂടി ഈ പട്ടികയിലുൾപ്പെടും. കരിയറിലാകെ 25 കിരീടങ്ങളാണ് പെഡ്രോയ്ക്ക് അവകാശപ്പെടാനുള്ളത്.