SHARE

കൊളംബിയൻ ഫുട്ബോളിന്റെ തിരിച്ചുവരവിന് വഴിതെളിച്ച പരിശീലകൻ ഹോസെ പെക്കർമാൻ പടിയിറങ്ങി. ആറ് വർഷം നീണ്ട സേവനത്തിന് ശേഷമാണ് ആർജന്റൈൻ പരിശീലകൻ കൊളംബിയ വിടുന്നത്. മെക്സിക്കോ ദേശീയ ടീമിന്റെ ചുമതല പെക്കർമാൻ ഏറ്റെടുത്തേക്കുമെന്ന് വാർത്തകളുണ്ട്.

2012-ലാണ് കൊളംബിയയുടെ പരിശീലകനായി പെക്കർമാൻ ചുമതലയേൽക്കുന്ന്. തുടർന്ന് പെക്കർമാന്റെ കീഴിൽ കൊളംബിയ 1998-ന് ശേഷം ആദ്യമായി,2014 ലോകകപ്പിന് യോ​ഗ്യത നേടി. ഹാമിഷ് റോഡ്രി​ഗ്വസിന്റെ താരോദയത്തിന് സാക്ഷ്യം വഹിച്ച ലോകകപ്പിൽ പെക്കർമാന്റെ ശിഷ്യർ ക്വാർട്ടർ വരെയെത്തി.

തുടർന്ന്  റഷ്യൻ ലോകകപ്പിലും ടീമിനെ പരിശീലിപ്പിച്ചത് പെക്കർമാനായിരുന്നു. ഇക്കുറി വിവാദമായ മത്സരത്തിൽ ഇം​ഗ്ലണ്ടിനോട് തോറ്റ് കൊളംബിയ പ്രീക്വർട്ടറിൽ പുറത്തായി. ചൊവ്വാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിലാണ് പരിശീലകസ്ഥാം ഒഴിയുന്നുവെന്ന് പെക്കർമാൻ പ്രഖ്യാപിച്ചത്. 2014-ൽ തന്നെ പെക്കർമാന് കൊളംബിയൻ പൗരത്വം ലഭിച്ചിരുന്നു.

2006 ലോകകപ്പിൽ അർജന്റീനയുടെ പരിശീലകനെന്ന നിലയിലാണ് പെക്കർമാൻ ശ്രദ്ധേയനാകുന്നത്. അക്കുറി ഹെവിയർ സെനറ്റി, വാൾട്ടർ സാമുവൽ എന്നീ മതിർന്ന താരങ്ങളെ ടീമിലുൾപ്പെടുത്താതിരുന്നതിന് പെക്കർമാൻ വിമർ‍ശിക്കപ്പെട്ടിരുന്നു. ടീമിന്റെ ക്വാർട്ടർ തോൽവിക്കും അന്ന് പെക്കർമാനെയായിരുന്നു കുറ്റപ്പെടുത്തിയത്.