ഈ സീസൺ ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാൻ അധികം അവസരമൊന്നും ലഭിച്ചില്ല. ഇടക്കാലത്ത് ടീമിന്റെ മോശം പ്രകടനം തുടർന്നതോടെ ആരാധകർ ക്ലബിനെ കൈവിട്ട അവസ്ഥ വരെ എത്തി. എന്നാൽ കഴിഞ്ഞ ദിവസം കരുത്തരായ ബംഗളുരുവിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചതോടെ ആരാധകരുടെ വിശ്വാസം കുറേയൊക്കെ തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്സിനായി
ആരാധകർ ക്ലബിനെ പൂർണമായി കൈവിട്ടിട്ടില്ല എന്നതിന് തെളിവാണ് ഫാൻസ് ഗോൾ ഓഫ് ദി വീക്ക് വോട്ടിങ്. പൊതുവെ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഗോൾ പട്ടികയിലുണ്ടെങ്കിൽ പിന്നെ പുരസ്കാരം പുറത്തേക്ക് പോകാറില്ല എന്നതാണ് പതിവ്. ബെംഗളുരുവിനെതിരായ കറേജ് പേക്കുസൻ നേടിയ കിടിലൻ ഗോൾ ഇക്കുറി പട്ടികയിലുണ്ട്. വോട്ടിങ്ങ് അവസാനിക്കാൻ ഒരു ദിവസം കൂടി ബാക്കി നിൽക്കെ ഇപ്പോൾ തന്നെ 90 ശതമാനത്തിലേറെ വോട്ടുകളോടെയാണ് പേക്കുസന്റെ ഗോൾ എതിരാളികളെ പിന്നിലാക്കി ലീഡ് ചെയ്യുന്നത്.
ഇക്കുറി ആദ്യ മത്സരത്തിൽ എ.ടി.കെയെ തകർത്ത പ്രകടനത്തിന് ശേഷം ഫാൻസ് ഗോൾ ഓഫ് ദ വീക്കിൽ ബ്ലാസ്റ്റേഴ്സ് താരം സ്ലാവിസ സ്റ്റൊയനോവിച്ച് വിജയിയായിരുന്നു. അന്ന് 87 ശതമാനം വോട്ടായിരുന്നു സ്ലാവിസ സ്റ്റൊയനോവിച്ചിന് ലഭിച്ചത്. അതിന് ശേഷം ഒരിക്കൽ മറ്റേജ് പോപ്ലാറ്റ്നിച്ചിനും ഫാൻസ് ഗോൾ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ അന്ന് വോട്ട് 66 ശതമാനമായി ഇടിഞ്ഞിരുന്നു