SHARE

കഴിഞ്ഞ സീസണില്‍ സതാംപ്ടണെ പരിശീലിപ്പിച്ച മൗറിസിയോ പെല്ലെഗ്രിനോ ലാലിഗയിലേക്ക്. ലാലിഗയില്‍ ഡിപ്പോര്‍ട്ടിവോ ലെഗാനസിന്റെ പരിശീലകനായി പെല്ലെഗ്രിനോ ചുമതലയേറ്റെടുത്തു. 2017-18 സീസണില്‍ ടീമിനെ പരിശീലിപ്പിച്ച അസിയര്‍ ഗരിറ്റാനോ റയല്‍ സോസിഡാഡിലേക്ക് മാറിയ ഒഴിവിലാണ് ലെഗാനസ് പെല്ലെഗ്രിനോയെ എത്തിച്ചിരിക്കുന്നത്.

അര്‍ജന്റീനക്കാരന്‍ പെല്ലെഗ്രിനോയുമായി ഒരു വര്‍ഷത്തെ കരാറാണ് ലെഗാനസ് ഒപ്പിട്ടിട്ടുള്ളത്. സ്പാനിഷ് ലീഗിലേക്ക് ഇത് മൂന്നാമത്തെ വരവാണ് പെല്ലഗ്രിനോയുടേത്. മുമ്പ് വലന്‍സിയയെയും ഡിപ്പോര്‍ട്ടിവോ അലാവസിനെയും പെല്ലെഗ്രിനോ കളി പഠിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ സതാംപ്ടണ്‍ പരിശീലകനായി മാറിയ പെല്ലെഗ്രിനോയുടെ കീഴില്‍ ടീം 17 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് നേടിയത്. അതോടെ മൂന്നു വര്‍ഷത്തെ കരാര്‍ ക്ലബ് റദ്ദാക്കുകയായിരുന്നു.

ഇക്കഴിഞ്ഞ സീസണ്‍ ലാലിഗയില്‍ 17ാം സ്ഥാനത്തായിരുന്നു ലെഗാനസിന്റെ സ്ഥാനം. അതേ സമയം കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ റയല്‍ മഡ്രിഡിനെ മറികടന്ന് ലെഗാനസ് സെമിയിലെത്തിയിരുന്നു. എവേ ഗോളിന്റെ ആനുകൂല്യത്തില്‍ സെമിയിലെത്തിയ ലെഗാനസ് സെവിയ്യയോട് പരാജയപ്പെട്ടാണ് പുറത്തായത്.