SHARE

2014 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസ് ത്രില്ലിംഗ് വിജയം നേടിയ മത്സരത്തിൽ വിജയ സിക്സർ നേടിയത് അവരുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ആദിത്യ താരെയായിരുന്നു‌‌‌. താരെ ബാറ്റിംഗിനിറങ്ങുമ്പോൾ നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ മുംബൈയ്ക്ക് പ്ലേ ഓഫിലെത്താൻ ഒരു പന്തിൽ ഒരു ബൗണ്ടറി അനിവാര്യമായിരുന്നു. രാജസ്ഥാന്റെ ജെയിംസ് ഫോക്നർ എറിഞ്ഞ ഈ പന്തിൽ സിക്സർ പറത്തിയ താരെ, മുംബൈയെ വിജയത്തിലെത്തിക്കുകയും ടീമിന്റെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കുകയുമായിരുന്നു. ഇപ്പോളിതാ ഈ മത്സരത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരെ.

ഇപ്പോളും ആൾക്കാർ തന്നെ ഓർക്കുന്നത് അന്ന് രാജസ്ഥാനെതിരെ നേടിയ അവസാന ബോൾ സിക്സറിന്റെ പേരിലാണെന്നും, ആൾക്കാരെ കണ്ടുമുട്ടുമ്പോൾ അവരെല്ലാം തന്നോട് ആദ്യം പറയുന്നത് ഈ‌ സിക്സറിനെക്കുറിച്ചാണെന്നും ക്രിക്കറ്റ് ഗ്രാഫുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സെഷനിടെ താരെ വ്യക്തമാക്കി. ആ സിക്സറും മത്സരവും അത് കൊണ്ടു‌ തന്നെ തന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണെന്നും ഇതിനൊപ്പം താരെ കൂട്ടിച്ചേർത്തു.

അതേ സമയം 2010 ൽ മുംബൈ ഇന്ത്യൻസിലെത്തിയ ആദിത്യ താരെ 2015 വരെ അവർക്ക് വേണ്ടി കളിച്ചു. 2016 ൽ സൺ റൈസേഴ്സ് ഹൈദരാബാദിലേക്ക് പോയ ഈ മുപ്പത്തിരണ്ടുകാരൻ തൊട്ടടുത്ത സീസണിൽ ഡെൽഹിയിലേക്ക് പോയി. 2018 ൽ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയ താരെ നിലവിൽ അവരുടെ താരമാണ്.