SHARE

ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ താരങ്ങളെ വാനോളം പ്രശംസിച്ച് മുൻ പാക് താരം ഷോയിബ് അക്തർ. പാകിസ്ഥാനിലെ ആരാധകർക്ക് ഇന്ത്യൻ ടീമിലെ ചില കളികാരെ വലിയ ഇഷ്ടമാണെന്നും, മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ ടീമിനെ പാകിസ്ഥാൻ ആരാധകർ ഇപ്പോൾ പരസ്യമായി അഭിനന്ദിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സീ ന്യൂസിനോട് സംസാരിക്കവെ അക്തർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പാകിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികൾ ആരാധിക്കുന്നുണ്ടെന്നാണ് അക്തർ പറയുന്നത്. രോഹിത് ശർമ്മയെ മഹാനായ കളികാരനായാണ് അവർ കണക്കാക്കുന്നതെന്ന് ഇതിനൊപ്പം ചൂണ്ടിക്കാട്ടുന്ന അക്തർ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവരേയും പാക് ആരാധകർ അഭിനന്ദിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

“ഇന്ത്യക്ക് മികച്ച ടീമില്ലെന്ന് പറയുന്ന പാകിസ്ഥാനികൾ ഇപ്പോളില്ല. അവർ ഇന്ത്യയെ ഇപ്പോൾ പരസ്യമായി അഭിനന്ദിക്കുന്നു. വിരാട് കോഹ്ലിയെ ഒരു മികച്ച കളികാരനായും, രോഹിത് ശർമ്മയെ ഒരു മഹാനായും അവർ കരുതുന്നു. രോഹിത്, ഇന്ത്യയുടെ ഇൻസമാം ഉൾഹഖാണെന്നാണ് ഇവിടെ പാകിസ്ഥാനിലുള്ളവർ പറയുന്നത്. ഋഷഭ് പന്ത് ഓസ്ട്രേലിയയിൽ കളിച്ച രീതിയെ ആൾക്കാർ അഭിനന്ദിക്കുന്നു. പിന്നെ സൂര്യകുമാർ യാദവാണ്. അദ്ദേഹവും അഭിനന്ദിക്കപ്പെടുന്നു.” അക്തർ പറഞ്ഞു നിർത്തി‌.