SHARE

ലോകഫുട്ബോളിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന പരിശീലകരുടെ പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ​ഗ്വാർഡിയോള ഒന്നാം സ്ഥാനം നിലനിർത്തി. 23 ദശലക്ഷം യൂറോയാണ് സ്പാനിഷ് പരിശീലകനായ പെപ്പിന്റെ വാർഷിക പ്രതിഫലം. പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ ജേർണലിസ്റ്റ് ട്രാൻകെഡി പാൽമെരിയാണ് ഈ പ്രതിഫലക്കണക്ക് പുറത്തുവിട്ടത്

ഇം​ഗ്ലീഷ് ക്ലബ് ടോട്ടനത്തിന്റെ പരിശീലകനായെത്തിയ ഹോസെ മൗറീന്യോയാണ് പ്രതിഫലക്കണിക്കിൽ രണ്ടാമൻ. 17.5 ദശലക്ഷം യൂറോയാണ് മൗറീന്യോയ്ക്ക് വർഷം ലഭിക്കുക. ടോട്ടനത്തിന്റെ മുൻപരിശീലകനായിരുന്ന മൗറീഷ്യോ പോച്ചെറ്റിനോയ്ക്ക് ലഭിച്ചിരുന്നതിന്റെ ഇരട്ടിയിലേറെയാണിത്. പ്രതിഫലക്കണക്കിൽ മൂന്നാമൻ അത്ലെറ്റിക്കോ മഡ്രിഡിന്റ ഡീ​ഗോ സിമിയോണിയാണ്. 15 ദശലക്ഷം യൂറോയാണ് സിമിയോണിയുടെ വാർഷിക പ്രതിഫലം

ചൈനീസ് ലീ​ഗിൽ പരിശീലിപ്പിക്കുന്ന റാഫേൽ ബെനിറ്റസും, ഫാബിയോ കന്നവാരോയുമാണ് പ്രതിഫലക്കണക്കിൽ നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. റയൽ മഡ്രിഡിന്റെ സിനദിൻ സിദാൻ, ഇന്റർ മിലാന്റെ അന്റോണിയോ കോണ്ടെ, പി.എസ്.ജിയുടെ തോമസ് ടുഷേൽ, ബാഴ്സലോണയുടെ ഏണസ്റ്റോ വാൾവെർദെ എന്നിവരാണ് ആറ് മുതൽ ഒമ്പത് വരെ സ്ഥാനങ്ങളിൽ

ലിവർപൂളിന്റെ യുർ​ഗൻ ക്ലോപ് പത്താം സ്ഥാനത്ത് മാത്രമാണ്. എട്ട് ദശലക്ഷം യൂറോയാണ് ലിവർപൂളിൽ ക്ലോപിന് ലഭിക്കുന്ന വാർഷിക പ്രതിഫലം