SHARE

ഐ.പി.എൽ‍ പതിമൂന്നാം പതിപ്പിന്റെ ഏതാണ്ട് പാതിയോളം പിന്നിട്ടുകഴിഞ്ഞു. ബെം​ഗളുരുവിന്റെ മുന്നേറ്റവും ചെന്നൈയുടെ പിന്നോട്ടുപോക്കുമൊക്കെയായി ആവേശഭരതിമാണ് ഇക്കുറിയും ഐ.പി.എൽ. ആര് കിരീടം ചൂടമെന്ന് ഇപ്പോഴേ പറയാനാകില്ല. എന്നാൽ ഏറ്റവുമധികം കിരീടസാധ്യതയുള്ള മൂന്ന് ടീമുകളെ തിരിഞ്ഞെടുക്കുകയാണ് മുൻ ഇം​ഗ്ലീഷ് സൂപ്പർതാരം കെവിൻ പീറ്റേഴ്സൻ.

മുംബൈ ഇന്ത്യൻസ്, ഡെൽഹി ക്യാപിറ്റൽസ്, റോയൽ ചാലഞ്ചേഴ്സ് ബം​ഗളുരു എന്നീ ടീമുകൾക്കാണ് കിരീടത്തിന് ഏറ്റവും സാധ്യതയെന്നാണ് പീറ്റേഴ്സൻ പറയുന്നത്. സ്പോർട്സ് ബ്ലോ​ഗായ ബെറ്റ്‌വേ ഇൻസൈഡറിലെ തന്റെ കോളത്തിലാണ് പീറ്റേഴ്സൻ ഇതെഴുതിയത്. ഐ.പി.എല്ലിൽ ഏറ്റവുമധികം കിരീടമുള്ള, ഇക്കുറി ഇപ്പോൾ ഒന്നാമതുള്ള മുംബൈയുടെ പേര് പീറ്റേഴ്സൻ പറഞ്ഞതിൽ യാതൊരു അത്ഭുതവുമില്ല.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് ഇഞ്ചോടിഞ്ച് പൊരുതി തോറ്റെങ്കിലും ബെം​ഗളുരു ഒന്നാന്തരം ക്രിക്കറ്റാണ് കളിക്കുന്നതെന്നാണ് പീറ്റേഴ്സൻ പറയുന്നത്. ഡെൽഹി ഏറ്റവും മികച്ച ഓൾ റൗണ്ട് പ്രകടനം നടത്തുന്ന ടീമാണെന്നും പീറ്റേഴ്സൻ തന്റെ കോളത്തിൽ വ്യക്തമാക്കി.

അതേസമയം ഐ.പി.എല്ലിൽ ഏറ്റവും നേട്ടങ്ങൾ കൊയ്ത മറ്റൊരു ടീമായ ചെന്നൈ സൂപ്പർ കിങ്സിന് ഇക്കുറി സാധ്യതയില്ലെന്നാണ് പീറ്റേഴ്സൻ പറയുന്നത്. ഹൈദരാബാദിനതിരായ ജയത്തോടെ ചെന്നൈ പോരാട്ടത്തിൽ തിരിച്ചെത്തി, എന്നാൽ അവർക്ക് തുടർച്ചയായി ജയിക്കാനാകുമോയെന്നത് സംശയമാണ്, അവരുടെ ബൗളിങ് വിഭാ​ഗം അത്ര മികച്ചതായി തോന്നുന്നില്ല.