SHARE

സ്പെയിനെതിരെ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഹാട്രിക്ക് നേടിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകൾ നേടുന്ന യൂറോപ്യൻ താരമെന്ന നേട്ടത്തിൽ ഹംഗറിയുടെ ഇതിഹാസ താരം ഫെറങ്ക് പുഷ്കാസിന്റെ റെക്കോർഡിനൊപ്പമെത്തി. സ്പെയിനെതിരെ മൂന്ന് ഗോളുകൾ നേടിയതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ ആകെ ഗോളെണ്ണം 84 ആയി‌. ഹംഗറിയുടെ വിഖ്യാത ഫുട്ബോളറായിരുന്ന പുഷ്കാസും 84 ഗോളുകളാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നേടിയിട്ടുള്ളത്.

ഗോളെണ്ണത്തിൽ യൂറോപ്പിലെ ആദ്യ സ്ഥാനക്കാരനായെങ്കിലും എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് റോണോയ്ക്കുള്ളത്. 149 മത്സരങ്ങളിൽ 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദേയിയാണ് ഈ നേട്ടത്തിൽ മുന്നിലുള്ളത്. 1993 മുതൽ 1996 വരെയുള്ള കാലയളവിൽ ഇറാന് വേണ്ടി കളിച്ചാണ് അലി ദേയി ഈ റെക്കോർഡ് നേട്ടത്തിലെത്തിയത്.

പോർച്ചുഗലിന് വേണ്ടി കളിച്ച 151 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 84 ഗോളുകൾ നേടിയത്. പുഷ്കാസാകട്ടെ, 85 മത്സരങ്ങളിലാണ് 84 ഗോളുകൾ സ്കോർ ചെയ്തത്.