SHARE

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം സീസണിലൂടെ കടന്ന് പോയ കേരളാ ബ്ലാസ്റ്റേഴ്സ്, ടീമിനെ പുതുക്കിപ്പണിയാനുള്ള ആദ്യ ഘട്ട പദ്ധതികൾക്ക് തുടക്കമിട്ടു. ഡേവിഡ് ജെയിംസിന് പകരക്കാരനായി ഈ സീസൺ അവസാനത്തോടെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത നെലോ വിംഗാഡയുമായുള്ള കരാർ നീട്ടാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ലെന്നാണ് വാർത്തകൾ.

ടീമിന്റെ പുതിയ പരിശീലകനായി മുൻ ഹൾ സിറ്റി മാനേജറും, ഈ‌ സീസണിലെ അവസാന 6 ഐ എസ് എൽ മത്സരങ്ങളിൽ എഫ് സി പൂനെ സിറ്റിയുടെ പരിശീലകനുമായിരുന്ന ഫിൽ ബ്രൗണിനെയാണ് ടീം നോട്ടമിട്ടിരിക്കുന്നത്. ബ്രൗണും ടീമും തമ്മിൽ ഇതേക്കുറിച്ച് സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേ സമയം ടീമിന്റെ സഹപരിശീലക സ്ഥാനത്തേക്ക് മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഇഷ്ഫാഖ് അഹമ്മദ് എത്തും. അടുത്ത സീസണിലെ ടീമിന്റെ റിക്രൂട്ട്മെന്റുകളുടെ പ്രധാന ചുമതല ഇഷ്ഫാഖിനായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. 2014 മുതൽ 2017 വരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു ഇഷ്ഫാഖ്. ഈ കാലയളവിൽ ടീമിന്റെ സഹപരിശീലകനായും താരം പ്രവർത്തിച്ചിരുന്നു. 2017-18 സീസണിൽ ജംഷദ്പൂർ എഫ് സിയുടെ സഹപരിശീലകനുമായിരുന്നു.