SHARE
ഹ്യൂസിന്റെ ശവമഞ്ചവുമായി പിതാവ് ഗ്രിഗറി ഹ്യൂസ്‌

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നവംബര്‍ മാസത്തിലാണ് ക്രിക്കറ്റ് ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തി ഫില്‍ ഹ്യൂസ് എന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മരണത്തിന് കീഴടങ്ങിയത്. നവംബര്‍ 25-ന് നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തില്‍ പേസര്‍ സീന്‍ ആബട്ടിന്റെ ബൗണ്‍സര്‍ തലയിലിടിച്ച് രണ്ട് ദിവസം ജീവിതത്തോട് പൊരുതിയാണ് ഹ്യൂസ് വിടവാങ്ങിയത്.  26-ാം ജന്മദിനത്തിന് മൂന്ന് ദിവസം മുന്‍പ്.

2009-ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സാക്ഷാല്‍ മാത്യൂ ഹെയ്ഡന് പകരക്കാരനായാണ് ഹ്യൂസ് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ടെസ്റ്റ് ഇന്നിംഗസില്‍ പൂജ്യത്തിന് പുറത്തായ ഹ്യൂസ് രണ്ടാം ഇന്നിംഗസില്‍ 75 റണ്‍സുമായി  ടീമിന്റെ ടോപ് സ്‌കോററായി.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയ ഹ്യൂസ് രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടി. അന്ന് പ്രായം വെറും ഇരുപത് വയസ്സും 96 ദിവസവും മാത്രം. ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി ഹ്യൂസ്. 2013 ജനുവരിയില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഹ്യൂസിന്റെ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഹ്യൂസ്, നേട്ടം കൈവരിക്കുന്ന ആദ്യ ഓസ്‌ട്രേലയിക്കാരനായി.

രണ്ട് വര്‍ഷം പോലും നീണ്ട് നില്‍ക്കാത്ത ഏകദിന കരിയറില്‍ 25 മത്സരങ്ങള്‍ ഹ്യൂസ് കളിച്ചു. രണ്ട് ശതകവും നാല് അര്‍ധശതകവും പേരില്‍ കുറിച്ചു. അഞ്ച് വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ 26 മത്സരങ്ങള്‍ ഹ്യൂസ് കളിച്ചു. മൂന്ന് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരവിന് തയ്യാറെടുക്കുമ്പോഴാണ് പ്രദേശിക ടെസ്റ്റ് മത്സരത്തിനിടെ 63 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ബൗണ്‍സറിന്റെ രൂപത്തില്‍ മരണം ഹ്യൂസിനെത്തേടിയെത്തിയത്.

ഡേവിഡ് വാര്‍ണറും, മൈക്കിള്‍ ക്ലാര്‍ക്കുമായിരുന്നു ടീമില്‍ ഹ്യൂസിന്റെ ഏറ്റവുമടുത്ത കൂട്ടുകാര്‍. ഹ്യൂസിന്റെ മരണശേഷം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍, 63 റണ്‍സ് നേടിയ ശേഷം വാര്‍ണര്‍, ഹ്യൂസ് പരിക്കേറ്റ വീണ് സ്ഥലത്ത് മുട്ടുകുത്തി നിന്ന് മണ്ണില്‍ ചുംബിച്ചു. 2015 ലോകകപ്പിൽ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്, ഹ്യൂസിന്റെ സ്മരണയ്ക്കായി കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളിക്കാനിറങ്ങിയത്.

ഏകദിനത്തില്‍ ഹ്യൂസിന്റെ ജേഴ്‌സി നമ്പറായിരുന്ന 64 പിന്നീട് ആര്‍ക്കും നല്‍കിയിട്ടില്ല. അത് ഹ്യൂസിന്റെ സ്മരണയ്ക്കായി നിലനിര്‍ത്തി. ടെസ്റ്റ് മത്സരത്തിന്റെ ഹ്യൂസിന്റെ അവസാന സ്‌കോര്‍ 63 റിട്ടയേര്‍ഡ് ഹര്‍ട്ട് എന്നതിന് പകരം 63 നോട്ടൗട്ട് എന്നാണ് നല്‍കിയിരിക്കുന്നത്. നേപ്പാളില്‍ ഓസ്‌ട്രേലിയക്കാരടങ്ങുന്നവര്‍ 63 ഓവര്‍ ക്രിക്കറ്റ് മത്സരം നടത്തിയാണ് ഹ്യൂസിന് അദരമര്‍പ്പിച്ചത്.

മൈക്കിള്‍ ക്ലാര്‍ക്കും ഹ്യസും

കഴിഞ്ഞ ദിവസം ആഷസിന് മുന്നോടിയായി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ ചടങ്ങില്‍, ഹ്യൂസിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന ക്ലാര്‍ക്ക് ഇങ്ങനെ പറഞ്ഞു. ”ഹ്യൂസ് വീണ ഗ്രൗണ്ടിലാണ് ഞാന്‍ ആഷസിന് മുന്നോടിയായുള്ള ചടങ്ങിനെത്തിയത്. എല്ലാവരും പറയും കാലം എല്ലാ മുറിവുകളും മായ്ച്ചുകളയുമെന്ന്, എന്നാൽ ഹ്യൂസിന്റ മരണം എന്നില്‍ സൃഷ്ടിച്ച മുറിവ് മായ്ക്കാന്‍ കാലത്തിനായില്ല, ഞങ്ങള്‍ ഒന്നിച്ചാസ്വദിച്ച ഒരോ നിമിഷങ്ങളുടെയും ഓര്‍മ്മയിലാണ് ഞാന്‍, ഹ്യൂസിനെ ഞാനെപ്പോഴും ഓര്‍മ്മിക്കുന്നു”.

ക്ലാര്‍ക്കിന്റെ വാക്കുകള്‍ ക്രിക്കറ്റ് ആരാധകരുടേതാണ്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെ ഉള്ളില്‍ ഒരു നീറ്റലായി, കാലത്തിന് മായ്ക്കാനാകത്ത മുറിവായി ഹ്യൂസ് എന്നുമുണ്ടാകും.