SHARE

കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനൊപ്പം ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്‍, അടുത്ത മാസം ഇന്ത്യക്കെതിരെ കളിച്ച് കൊണ്ട് ടെസ്റ്റ് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഈ മത്സരത്തിനുള്ള തങ്ങളുടെ ടീമിനെയും അവര്‍ പ്രഖ്യാപിച്ചു. സ്പിന്‍ ബോളിംഗാണ് തങ്ങളുടെ ശക്തിയെന്നറിയാവുന്ന അവര്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള ടീമിനെയാണ് ഇന്ത്യയിലേക്കയക്കുന്നതും.

നിലവില്‍ ബംഗ്ലാദേശുമായുള്ള ടി20 പരമ്പര കളിക്കാന്‍ ഇന്ത്യയിലുള്ള അഫ്ഗാനിസ്ഥാന്‍ പരിശീലകന്‍ ഫില്‍ സിമ്മണ്‍സാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ചരിത്ര ടെസ്റ്റിന് അഫ്ഗാന്‍ കളിക്കുക ഏത് കോംമ്പിനേഷനിലായിരിക്കും എന്നുള്ള സൂചനകള്‍ നല്‍കിയത്. നിലവില്‍ 4 സ്പിന്നര്‍മാരാണ് അഫ്ഗാന്‍ നിരയിലുള്ളത്, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, സാഹിര്‍ ഖാന്‍, ഹംസ ഹോട്ടക് എന്നിവരാണവര്‍. ഈ 4 സ്പിന്നര്‍മാരും ഒരുമിച്ച് കളിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്ന് അഫ്ഗാന്‍ പരിശീലകന്‍ പറയുന്നു. എന്നാല്‍ അക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കുന്നത് മത്സരത്തിന് മുമ്പുള്ള പിച്ചിന്റെ സ്വഭാവം നോക്കിയിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ടീമില്‍ 4 പേസര്‍മാരുമുണ്ട്, 4 സ്പിന്നര്‍മാരുമുണ്ട് അത് കൊണ്ട് തന്നെ ഏത് കോംമ്പിനേഷനില്‍ വേണമെങ്കിലും തങ്ങള്‍ക്ക് ടീമിനെ അണിനിരത്താനാകും. എന്നാല്‍ ഏത് കോംമ്പിനേഷനായാലും മത്സരത്തില്‍ നിന്ന് മികച്ച ഫലം സൃഷ്ടിക്കുകയാണ് അഫ്ഗാന്റെ ലക്ഷ്യം. അഫ്ഗാന്‍ പരിശീലകന്‍ പറഞ്ഞുനിര്‍ത്തി.