SHARE

മുൻ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഫിൽ സിമ്മൺസിനെ അവരുടെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിച്ച് ക്രിക്കറ്റ് വെസ്റ്റിൻഡീസ്. 2016 ൽ വെസ്റ്റിൻഡീസ് ടി20 ലോകകപ്പ് നേടുമ്പോൾ ടീമിന്റെ പരിശീലകനായിരുന്ന സിമ്മൺസിനെ അതേ വർഷം തന്നെ ആ സ്ഥാനത്ത് നിന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് പുറത്താക്കിയിരുന്നു. ക്രിക്കറ്റ് ബോർഡുമായുള്ള സിമ്മൺസിന്റെ അഭിപ്രായ വ്യത്യാസങ്ങളായിരുന്നു ഇതിന് കാരണം. ഒരിക്കൽ പുറത്താക്കിയ സിമ്മൺസിനെ വീണ്ടും തങ്ങളുടെ ദേശീയ ടീം പരിശീലകനായി ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്തിന് മുഴുവൻ വലിയ അത്ഭുതമാണ് സമ്മാനിക്കുന്നത്.

ക്രിക്കറ്റ് വെസ്റ്റിൻഡീസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു 2016 ൽ സിമ്മൺസിന്റെ ദേശീയ ടീം പരിശീലക സ്ഥാനം നഷ്ടമാക്കിയത്. വിൻഡീസ് ക്രിക്കറ്റിൽ വലിയ കോളിളക്കമായിരുന്നു ഇത് സൃഷ്ടിച്ചത്. പരിശീലകനെന്ന നിലയിൽ ടി20 ക്രിക്കറ്റിൽ വിൻഡീസിനെ നേട്ടങ്ങളിലേക്ക് നയിച്ച സിമ്മൺസിന് പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ടീമിനെ മികച്ച പ്രകടനങ്ങളിലേക്ക് കൈപിടിച്ചുയർത്താനായില്ല. സിമ്മൺസ് പരിശീലകനായിരുന്ന 14 ടെസ്റ്റുകളിൽ ഒരു വിജയം മാത്രമാണ് വിൻഡീസിന് നേടാനായത്.

2015 ൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിന്റെ സെലക്ഷനെതിരെ സിമ്മൺസ് രംഗത്ത് വന്നതായിരുന്നു അദ്ദേഹവും വിൻഡീസ് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള ബന്ധം പ്രധാനമായും വഷളാക്കിയത്. ഇവിടെ നിന്ന് തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങൾ അന്ന് സിമ്മൺസിന്റെ പരിശീലക‌വേഷം തെറിപ്പിക്കുകയായിരുന്നു‌.