SHARE

ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ് കുട്ടീഞ്ഞോ, ബാഴ്സലോണയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റെടുത്ത റൊണാൾഡ് കോമന്റെ ടീം തന്ത്രങ്ങളിലുണ്ടെന്നും, വരും സീസണിൽ അദ്ദേഹം ക്ലബ്ബിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരിക്കുമെന്നും സൂചന. കുട്ടീഞ്ഞോ അടുത്ത സീസണിലേക്കുള്ള തന്റെ പദ്ധതികളിലുണ്ടെന്ന് കോമ‌‌ൻ ഇന്നലെ അദ്ദേഹത്തെ അറിയിച്ചതായി മുണ്ടോ ഡിപ്പോർട്ടീവോയാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ബാഴ്സലോണ, ബയേൺ മ്യൂണിക്കിലേക്ക് ലോണിനയച്ച കുട്ടീഞ്ഞോ അവർക്കൊപ്പം ഇക്കുറി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം കുട്ടീഞ്ഞോയെ അഭിനന്ദനം അറിയിക്കാൻ വിളിച്ച കോമൻ, ഇതിനൊപ്പം ക്ലബ്ബിലെ താരത്തിന്റെ ഭാവി യെക്കുറിച്ച് ബോധ്യപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തനിക്ക് കീഴിൽ 2020-21 സീസണിൽ ബാഴ്സലോണ ടീമിൽ സ്ഥിര സ്ഥാനമുണ്ടാകുമെന്ന് കുട്ടീഞ്ഞോയ്ക്ക്, കോമൻ ഉറപ്പ് നൽകിയതായാണ് പുറത്ത് വരുന്ന സൂചനകൾ.

അതേ സമയം ടീമിലേക്ക് പുതിയ താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും, ടീമിൽ നിന്ന് ഏതൊക്കെ താരങ്ങളെ ഒഴിവാക്കണമെ‌ന്ന കാര്യത്തിലും റൊണാൾഡ് കോമന് ബാഴ്സലോണ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നാണ് സ്പാനിഷ് ദിനപത്രമായ സ്പോർട്ട് പുറത്ത് വിടുന്ന റിപ്പോർട്ട്. ഇത് പ്രകാരം കഴിഞ്ഞ ദിവസം ടീമിലെ ചില സീനിയർ താരങ്ങളുമായി ക്ലബ്ബിലെ‌ ഭാവിയെ സംബന്ധിച്ച് അദ്ദേഹം ചർച്ച നടത്തിയതായാണ് സൂചന.