SHARE

റഷ്യയില്‍ 14ന് തുടങ്ങുന്ന ലോകകപ്പിനായി മികച്ച മുന്നൊരുക്കങ്ങളാണ് ബ്രസീല്‍ നടത്തുന്നത്. ലോകകപ്പിനു മുമ്പ് നടന്ന രണ്ട് സന്നാഹമത്സരങ്ങളും മികച്ച രീതിയില്‍ വിജയിക്കാനും ടീമിന് കഴിഞ്ഞു. അതിനിടെ ടീമിലെ ബാഴ്‌സലോണാ താരം ഫിലിപ്പെ കൂട്ടീന്യോയുടെ പിറന്നാള്‍ ദിനത്തില്‍ സഹതാരങ്ങള്‍ കൊടുത്ത പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

കൂട്ടീന്യോയുടെ ദേഹത്തും തലയിലുമെല്ലാം ചീമുട്ട പൊട്ടിച്ച് ഒഴിച്ചാണ് സഹതാരങ്ങള്‍ ആഘോഷിച്ചത്. നേതൃത്വം നല്‍കുന്നതാവട്ടെ, സൂപ്പര്‍ താരം നെയ്മറും. ദേഹത്ത് മുട്ടയും ധാന്യപ്പൊടിയും വെള്ളവുമായി കുട്ടിന്യോ എണീറ്റ് നില്‍ക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നാണ് മാഴ്‌സലോയുടെ മട്ടു മാറിയത്. അപ്രതീക്ഷിതമായി നെയ്മറിനെതിരെയും മാഴ്‌സലോ ചീമുട്ട പ്രയോഗിച്ചു. എന്തായാലും സംഭവം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്റാറിക്ക, സെര്‍ബിയ എന്നിവര്‍ക്കൊപ്പം ഇത്തവണ ലോകകപ്പിൽ ഗ്രൂപ്പ് ഇയിലാണ് ബ്രസീലിന്റെ സ്ഥാനം. 17ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. സന്നാഹമത്സരങ്ങളില്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകളും ക്രൊയേഷ്യയെ രണ്ടു ഗോളുകള്‍ക്കുമാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്.