SHARE

പോളണ്ടിന്റെ 24 വയസുകാരനായ സ്ട്രൈക്കർ ക്രിസ്റ്റോഫ് പിയാറ്റെക്ക് വിരമിക്കുമ്പോൾ, ഏറ്റവുമധികം പരിശീലർക്ക് കീഴിൽ കളിച്ച താരമന്ന റെക്കോർഡ് സ്വന്തമാക്കിയാൽ അത്ഭുതപ്പെടാനില്ല. കാരണം ഈ രണ്ട് വർഷത്തിനിടെ മാത്രം എട്ട് വ്യത്യസ്ത പരിശീലകർക്ക് കീഴിൽ കളിച്ച ചരിത്രമാണ് പിയാറ്റെക്കിനുള്ളത്.

2018 ജൂൺ മുതൽ ഇപ്പോൾ 2020-ൽ എത്തിനിൽക്കെയാണ് ഇത്രയേറെ പരിശീലകർക്ക് കീഴിൽ കളിച്ച അനുഭവം പിയാറ്റെക്കിന് പറയാനുള്ളത്. അതും വെറും മൂന്ന് ക്ലബിൽ മാത്രം കളിച്ചിട്ട്. 2018 ജൂണിലാണ് പിയാറ്റെക്ക് ഇറ്റാലിയൻ ക്ലബ് ജെനോവയിലെത്തുന്നത്. അപ്പോൾ പരിശീലകൻ ഡേവിഡെ ബെല്ലാർഡിനിയായിരുന്നു. ഒക്ടോബറായപ്പോഴേക്കും ബെല്ലാർഡിനിയുടെ പണി പോയി. പകരമെത്തിയത് ക്രൊയേഷ്യക്കാരൻ ഇവാൻ ജൂറിച്ച്. എന്നാൽ ജൂറിച്ചും രണ്ട് മാസം പോലും തികച്ചില്ല. ഡിസംബറിൽ ജൂറിച്ച് പോയതോടെ ജെനോവ പരിശീലകനായി വിഖ്യാതനായ സെസാർ പ്രാൻഡേലിയെത്തി.

തൊട്ടടുത്ത വർഷം ജനുവരിയെത്തിയപ്പോൾ മാറ്റമുണ്ടായത് പിയാറ്റെക്കിനാണ്. ജെനോവയിൽ നിന്ന് പിയാറ്റെക്കിനെ എ.സി.മിലാൻ സ്വന്തമാക്കി. പിന്നീട് സീസൺ അവസാനം വരെ ​ഗെന്നാരോ ​ഗട്ടൂസോയുടെ കീഴിലായിരുന്നു പിയാറ്റെക്ക് കളിച്ചത്. കഴിഞ്ഞ സീസൺ അവസാനത്തോടെ ​ഗട്ടൂസോ മിലാൻ വിട്ടു.

ഈ സീസൺ തുടക്കത്തിൽ ​ഗട്ടൂസോയുടെ പകരക്കാരനായെത്തിയ മാർക്കോ ജിയാംപോളോയുടെ കീഴിലാണ് പിയാറ്റെക്ക് കളിച്ചത്. ഒക്ടോബറിൽ മിലാൻ പരിശീലക സ്ഥാനത്ത് നിന്ന് ജിയാംപോളോ പോയി. തുടർന്ന് സ്റ്റെഫാനോ പിയോലിയാണ് മിലാന്റെ പരിശീലകനായെത്തിയത്. ഈ വർഷം ജനുവരയിൽ വീണ്ടും പിയാറ്റെക്കിന് മാറ്റം.

ഇക്കുറി ഇറ്റലി വിട്ട പിയാറ്റെക്ക് ജർമൻ ക്ലബ് ഹെർത്ത ബെർലിനിലെത്തി. ഹെർത്തയിൽ വിഖ്യാത ജർമൻ പരിശീലകൻ ജുർ​ഗൻ ക്ലിൻസ്മാന്റെ കീഴിലായിരുന്നു പിയാറ്റെക്കിന്റെ തുടക്കം. എന്നാൽ കഴിഞ്ഞ ദിവസം ക്ലിൻസ്മാൻ ഹെർത്തയുടെ ചുമതലയൊഴിഞ്ഞതോടെ പിയാറ്റെക്കിനെ തേടി രണ്ട് വർഷത്തിനിടെ എട്ടാം പരിശീലകനെത്തി. ക്ലിൻസ്മാന്റെ ഒഴിവിലേക്ക് താൽക്കാലിമായെത്തിയ അലക്സാണ്ടർ നൗറിയുടെ കീഴിലാണിപ്പോൾ പിയാറ്റെക്ക് കളിക്കുന്നത്.

യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച യുവസ്ട്രൈക്കർമാരിലൊരാളായാണ് പിയാറ്റെക്കിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതുവരെ താരത്തിന്റെ കഴിവ് പൂർണമായും പുറത്തുവന്നിട്ടില്ല. സ്ഥിരമായി മികച്ചൊരു പരിശീലകന്റ കീഴിൽ കളിക്കാത്തത് ഇതിന്റെയൊരു കാരണമായി പറയപ്പെടുന്നുമുണ്ട്.