SHARE

കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീമിനെ അവരുടെ സെലക്ടറും പരിശീലകനുമായ മിസ്ബാ ഉൾ ഹഖ് പ്രഖ്യാപിച്ചത്. സീനിയർ താരങ്ങളായ ഷോയിബ് മാലിക്ക്, മൊഹമ്മദ് ഹഫീസ് എന്നിവർ ഏറെക്കാലത്തിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതായിരുന്നു ഈ ടീമിന്റെ പ്രത്യേകത. എന്നാൽ ഇപ്പോളിതാ ബംഗ്ലാദേശ് ടി20 ക്കുള്ള പാകിസ്ഥാൻ ടീമിന്റെ സെലക്ഷനെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം കെവിൻപീറ്റേഴ്സൺ രംഗത്തെത്തിയിരിക്കുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം പുറത്തെടുക്കുന്ന സ്റ്റാർ ബാറ്റ്സ്മാൻ അഹമ്മദ് ഷഹ്സാദിനെ പാക് ടീമിൽ നിന്ന് സെലക്ടർമാർ തഴഞ്ഞതാണ്‌ പീറ്റേഴ്സണെ രോഷാകുലനാക്കിയത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീമിനെ കണ്ടെന്നും, അതിൽ ഷഹ്സാദിന് അവസരം ലഭിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും ചോദിക്കുന്ന പീറ്റേഴ്സൺ, ഷഹ്സാദിന്റെ അഭ്യന്തര ക്രിക്കറ്റിലേയും പി എസ് എല്ലിലേയും പ്രകടനങ്ങൾ ഇപ്പോൾ ടീമിലെടുത്തിരിക്കുന്ന പലരേക്കാളും മികച്ചതാണെന്നും പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു‌ പീറ്റേഴ്സണിന്റെ വിമർശനം.

അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി പാകിസ്ഥാൻ അഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻപ്രകടനം പുറത്തെടുക്കുന്ന താരമാണ് ഷഹ്സാദ്. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരെ നടന്ന ടി20 പരമ്പരയിലായിരുന്നു താരം അവസാനമായി‌‌ പാക് ജേഴ്സിയണിഞ്ഞത്. എന്നാൽ അന്ന് 4, 13 എന്നിങ്ങനെ സ്കോർ ചെയ്ത താരം മോശം പ്രകടനത്തെത്തുടർന്ന് ടീമിന് വെളിയിലാവുകയായിരുന്നു.