SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാണം കെട്ട തോൽവി. മറുപടിയില്ലാത്ത 4 ഗോളുകൾക്ക് എവർട്ടണാണ് യുണൈറ്റഡിനെ തകർത്തത്. ഗൂഡിസൺ പാർക്കിൽ നടന്ന പോരാട്ടത്തിലായിരുന്നു എവർട്ടണിന്റെ ആധികാരിക ജയം.

മത്സരത്തിന്റെ പതിമൂന്നാം മിനുറ്റിൽത്തന്നെ എവർട്ടൺ മുന്നിലെത്തി. റിച്ചാർലിസണായിരുന്നു ഗോൾ സ്കോറർ‌. പിന്നീട് സിഗുർസൺ, ഡിഗ്നെ, വാൽക്കോട്ട് എന്നിവർ നേടിയ ഗോളുകൾ എവർട്ടണ് തകർപ്പൻ ജയം സമ്മാനിക്കുകയായിരുന്നു. ഇന്നലെ നടന്ന മറ്റൊരു സൂപ്പർ പോരാട്ടത്തിൽ ആഴ്സനൽ, ക്രിസ്റ്റൽ പാലസിനോട് പരാജയം ഏറ്റുവാങ്ങി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ക്രിസ്റ്റൽ പാലസ് ഗണ്ണേഴ്സിനെ കീഴടക്കിയത്‌.

അതേ സമയം സീസണിലെ തകർപ്പൻ ഫോം തുടർന്ന ലിവർപൂൾ, കാർഡിഫ് സിറ്റിയെ 2-0 ന് കീഴടക്കി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. വിനാൽഡം, മിൽനർ എന്നിവരാണ് മത്സരത്തിൽ ലിവർപൂളിന്റെ വിജയ ഗോളുകൾ നേടിയത്.