SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സമീപകാല കുതിപ്പിന് മുമ്പ് വരെ പ്രധാന മത്സരം ടോപ് ഫോർ ടീമുകൾ എന്നവകാശപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റ്ഡ്, ആഴ്സനൽ, ചെൽസി, ലിവർപൂൾ എന്നിവർ തമ്മിലായിരുന്നു. അതിനാൽ തന്നെ നേർക്കുനേർ കണ്ടുകൂടാത്തത്ര ശത്രുതയും ഇവർ തമ്മിൽ നിലനിൽക്കുന്നു. എന്നിരുന്നാലും ഇപ്പോൾ പൊതുശത്രുവിനെ ഒതുക്കാൻ ഇവർ കൈകോർത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

യുവേഫ മാഞ്ചസ്റ്റർ സിറ്റിക്ക് ഏർപ്പെടുത്തിയ ചാമ്പ്യൻസ് ലീ​ഗ് വിലക്കിനെച്ചൊല്ലിയാണ് പുതിയ പോർമുഖം തുറന്നിരിക്കുന്നത്. സാമ്പത്തിക അച്ചടക്കം ലംഘിച്ചു എന്നതിലാണ് സിറ്റി രണ്ട് വർഷത്തേക്ക് ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. ഇതിനെതിരെ സിറ്റി സ്പോർട്സ് ആർബിട്രേഷൻ കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്. ഇപ്പോൾ കൊറോണ വൈറസ് പടരുക കൂടി ചെയ്ത സാഹചര്യത്തിൽ സിറ്റി അപ്പീൽ നൽകിയാൽ അത് തീരുമാനമാകാൻ ഒരുപാട് വൈകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ അപ്പീൽ നിലനിൽക്കെ സിറ്റിക്ക് അടുത്ത ചാമ്പ്യൻസ് ലീ​ഗിൽ കളിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് സൂചന.

ഇത് മനസിലാക്കിയാണ് എതിരാളികൾ ഒന്നിച്ചിരിക്കുന്നത്. നിലവിൽ ലീ​ഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള സിറ്റിയും ഷെഫീൽഡുമൊഴികെയുള്ള എട്ട് ടീമുകൾ ചേർന്ന് അപ്പീലിൽ തീരുമാനമാകും വരെ സിറ്റിയെ ചാമ്പ്യൻസ് ലീ​ഗിൽ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആർബിട്രേഷൻ കോടതിയെ സമീപിച്ചു. ആഴ്സനൽ, ലിവർപൂൾ, ചെൽസി, യുണൈറ്റഡ് എന്നീ ക്ലബുകൾ പ്രത്യേകമായും കോടതിയെ സമീപിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നേരത്തെ തന്നെ ലീ​ഗിലെ ചില എതിർ ടീമുകൾ തന്നെ തങ്ങൾക്കെതിരെ രം​ഗത്തുണ്ടെന്ന് സിറ്റി കരുതുന്നതായി വാർത്തകൾ വന്നിരുന്നു. ഇപ്പോൾ പുറത്തുവന്ന ഈ റിപ്പോർട്ടിലൂടെ സിറ്റിയുടെ ആരോപണത്തിന് ശക്തി കൂടുകയാണ്.