SHARE

മഴയെത്തുടർന്നും, വെളിച്ചക്കുറവ് മൂലവും ക്രിക്കറ്റ് മത്സരങ്ങൾ തടസപ്പെടുന്നത് നാം ക‌ണ്ടിട്ടുണ്ട്. ഗ്രൗണ്ടിലേക്ക് മൃഗങ്ങൾ വന്നതിനാലും, കാണികൾ അതിക്രമിച്ച് മൈതാനത്ത് കയറിയതിനാലും കളികൾ തടസപ്പെടുന്നതിനും നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. എന്നാൽ ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിൽ അഹമ്മാദാബാദിൽ നടന്നു കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിനിടെ മത്സരം കുറച്ചു നേരം തടസപ്പെട്ടത് ഇതിനേക്കാളൊക്കെ വിചിത്രമായ കാരണം കൊണ്ടാണ്.‌ അതെ മത്സരത്തിൽ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ബെയിൽസ് കാണാതെ പോയതിനാലായിരുന്നു കളി അല്പ നേരം തടസപ്പെട്ടത്.

നാലാം ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു ഈ സംഭവം. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ ഒലി പോപ്പ്, മിഡ് വിക്കറ്റിലേക്ക് ഷോട്ട് പായിച്ചു. പ‌ന്തെടുത്ത നായകൻ വിരാട് കോഹ്ലി, വിക്കറ്റ് കീപ്പർ ഋഷഭ് പ‌ന്തിനെ ലക്ഷ്യമാക്കി ത്രോ ചെയ്തു‌. എന്നാൽ പന്തിന് ബോൾ പിടിച്ചെടുക്കാനായില്ല‌. കോഹ്ലിയുടെ ത്രോ സ്റ്റമ്പിൽ കൊള്ളുകയും ബെയിൽസുകൾ തെറിച്ചു പോവുകയും ചെയ്തു. പിന്നാലെ ബെയിൽസുകളിലൊന്ന് കാണാനില്ലെന്ന് മനസിലാക്കിയ അമ്പയർമാരും താരങ്ങളും, അതിനായുള്ള തിരച്ചിൽ തുടങ്ങി.

പ‌ന്തിന്റെ പാഡിനുള്ളിൽ ബെയിൽസ് കുരുങ്ങിയിട്ടുണ്ടോയെന്ന് പോലും സംശയമുണ്ടായിരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അവിടെയും ബെയിൽസിനായി തിരച്ചിൽ നടത്തി. എന്നാൽ ബെയിൽസ് കണ്ടെത്താനായില്ല. ഈ സമയമാണ് തന്റെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗവിനുള്ളിൽ ബെയിൽസ് കുടുങ്ങിക്കിടക്കുന്നതായി ഋഷഭ് പ‌ന്ത് മനസിലാക്കിയത്. താരം ഉടൻ തന്നെ അത് രോഹിത് ശർമ്മയെ കാണിച്ചു കൊടുത്തു. ഗ്രൗണ്ടിലുണ്ടായിരുന്നവർക്കെല്ലാം ഇതു കണ്ട് ചിരി പൊട്ടി. പിന്നീട് പന്തിന്റെ ഗ്ലൗവിനുള്ളിൽ നിന്ന് ബെയിൽസ് എടുത്തതോടെ അല്പസമയം തടസപ്പെട്ട മത്സരം അമ്പയർമാർ പുനരാരംഭിക്കുകയും ചെയ്തു.