SHARE

ജൊഹാനസ്ബർഗിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന് കൊണ്ടിരിക്കുന്ന നാലാം ഏകദിനം കനത്ത മിന്നലിനെത്തുടർന്ന് നിർത്തിവെച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 34.2 ഓവറിൽ 200/2 എന്ന നിലയിൽ നിൽക്കുമ്പോളാണ് മിന്നലിനെത്തുടർന്ന് കളി നിർത്താൻ അമ്പയർമാർ നിർബന്ധിതരായത്. നിലവിൽ മഴ പെയ്യുന്നില്ലെങ്കിലും ജൊഹാനസ്ബർഗിലും സമീപ പ്രദേശങ്ങളിലും ശക്തമായ മിന്നലാണ് അനുഭവപ്പെടുന്നത്.

അതേസമയം മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. പരമ്പരയിലെ മിന്നും ഫോം തുടർന്ന നായകൻ വിരാട് കോഹ്ലി 75 റൺസെടുത്ത് പുറത്തായപ്പോൾ മികച്ച രീതിയിൽ ബാറ്റ് വീശുന്ന ധവാൻ സെഞ്ചുറിയും കടന്ന് മുന്നേറുകയാണ്. 107 റൺസോടെ ധവാനും, 5 റൺസെടുത്ത അജിങ്ക്യ രഹാനെയുമാണ് കളി നിർത്തിവെക്കുമ്പോൾ ക്രീസിലുള്ളത്.