ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയമായ റെക്കോര്‍ഡുള്ള താരങ്ങളാണ് റോബിന് ഉത്തപ്പയും മനീഷ് പാണ്ഡെയും. ഇതുവരെയുള്ള പത്ത് സീസണുകളില്‍ ഇരുവരും ഒരേ ടീമില്‍ കളിച്ച താരങ്ങളുമാണ്. അവസാനം ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദ്-കൊല്‍ക്കത്ത പോരാട്ടം ഈ രണ്ടു താരങ്ങൾ ഐ പി എല്ലില്‍ ആദ്യമായി പരസ്പരം ഏറ്റുമുട്ടുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
സണ്‍റൈസേഴ്സിന് വേണ്ടി മനീഷ് പാണ്ഡെ ഇറങ്ങിയെങ്കില്‍ റോബിന് ഉത്തപ്പ കൊല്‍ക്കത്തയുടെ സംഘത്തിലുണ്ടായിരുന്നു. 2008ലെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിച്ചിട്ടാണ് ഇരുവരും ഈ ഐ പി എല്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. 2009-10 സീസണുകളില്‍ രണ്ടു പേരും ചെന്നെത്തിയത് ബാംഗ്ലൂര്‍ ക്യാമ്പിലായിരുന്നു. 2009 സീസണില്‍ മനീഷ് പാണ്ഡെ കിടിലനൊരു സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയിരുന്നു. ഐ പി എല്ലിലെ ആദ്യ ഇന്ത്യന്‍ സെഞ്ചുറിയായിരുന്നു അത്. അതിന് ശേഷം 2011-13 കാലഘട്ടത്തില്‍ ഉത്തപ്പയും പാണ്ഡെയും പൂനെ വാരിയേഴ്സിലാണ് കളിച്ചത്.
2014 മുതല്‍ കഴിഞ്ഞ സീസണ് വരെ ഇരുവരുടെയും നീണ്ട കൊല്‍ക്കത്ത ജീവിതം. ഈ സീസണിൽ മനീഷ് പാണ്ഡെ സണ്‍റൈസേഴ്സില്‍ എത്തുകയായിരുന്നു. താരലേലത്തില്‍ 11 കോടി രൂപ നല്‍കിയാണ് ഹൈദരാബാദ് ടീം മനീഷ് പാണ്ഡെയെ സ്വന്തമാക്കിയത്. റോബിന് ഉത്തപ്പയെ 6.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത റൈറ്റ് ടു മാച്ച് കാര്‍ഡ് വഴിയാണ് ടീമില്‍ നിലനിര്‍ത്തിയത്. ആദ്യ ഏറ്റുമുട്ടലില്‍ വിജയം സണ്‍റൈസേഴ്സിനും മനീഷ് പാണ്ഡെയ്ക്കും ഒപ്പമായിരുന്നു.
കൊല്‍ക്കത്ത ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം സണ്‍റൈസേഴ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കേ മറികടന്നു. എന്നാല്‍ ബാറ്റിംഗില്‍ ഇരുതാരങ്ങളും പരാജയപ്പെട്ടു. ഉത്തപ്പ 3 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മനീഷ് പാണ്ഡെ 4 റണ്‍സെടുത്ത് ബാറ്റ് താഴെ വെച്ചു. ഇതുവരെ 152 ഐ പി എല്‍ മത്സരങ്ങള്‍ കളിച്ച ഉത്തപ്പ 3823 റണ്‍സ് നേടിയിട്ടുണ്ട്. മനീഷ് പാണ്ഡെയുടെ അക്കൗണ്ടിലുള്ളത് 106 കളികളില്‍ നിന്ന് 2230 റണ്‍സും.